ബ്രഹ്മപുരത്തെ പുകയണയ്ക്കൽ 95 ശതമാനം പൂർത്തിയായി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 95 ശതമാനത്തിലധികവും പൂർത്തിയായതായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. ഞായറാഴ്ച രാത്രിയോടെ പൂർണമായി അണക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സെക്ടർ ഏഴിലെ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു കളക്ടർ.

ഏറ്റവുധികം പുക ഉയർന്ന സെക്ടർ ആറ്, ഏഴ് ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരത്തിലെ പുകയണക്കാൻ കഴിഞ്ഞു. വളരെ കുറച്ച് ഭാഗത്ത് മാത്രമാണ് ചെറിയ തോതിൽ തീ ഉള്ളത്. രാത്രിയോടെ ഇത് പൂർണമായും ശമിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി പ്ലാന്റിലെ മറ്റിടങ്ങളിൽ നിന്ന് എസ്കവേറ്ററുകൾ ഇവിടേക്ക് കേന്ദ്രീകരിക്കും. തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിക്കാൻ സാധ്യതയുണ്ടെന്ന് കളക്ടർ പറഞ്ഞു.

ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും. പുക പൂർണമായും ശമിപ്പിച്ചാലും അഗ്നി രക്ഷാ സേനയുടെ സേവനം തുടരും. കാവൽക്കാർ, കാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. റീജിയണൽ ഫയർ ഓഫീസർ ജെ.എസ് സുജിത് കുമാർ, കൊച്ചി കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി വി.പി ഷിബു തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു. പുക ശമിപ്പിക്കുന്നതിന് രാപകൽ ഭേദമന്യേ ഊർജിതമായ ശ്രമങ്ങളാണ് നടത്തുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ 24 മണിക്കൂറും ഷിഫ്റ്റുകളിലായിട്ടാണ് പ്രവർത്തനം.

നിലവിൽ 200 അഗ്നിശമന സേനാംഗങ്ങളും, 18 എസ്കവേറ്റർ ഓപ്പറേറ്റർമാരും 68 സിവിൽ ഡിഫൻസ് അംഗങ്ങളും 55 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും 48 ഹോം ഗാർഡുകളും ആറ് പോലീസുകാരും നേവിയുടെ അഞ്ച് പേരും ബി.പി.സി.എല്ലിലെ രണ്ട് പേരും സിയാലിൽ നിന്ന് മൂന്ന് പേരും റവന്യു വകുപ്പിൽ നിന്ന് നാല് പേരും ദൗത്യത്തിനുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *