വായുവിന്റെ ഗുണനിലവാരം അളക്കാന്‍ നിരീക്ഷണ വാഹനം

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക പടർന്ന സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള വാഹനം എറണാകുളം സിവില്‍ സ്‌റ്റേഷനിലെത്തി. കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നുള്ള ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് വാന്‍ ആണ് എത്തിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഹേഷ് മോഹന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

പി.എച്ച്.ഡി വിദ്യാര്‍ഥിയായ എന്‍.ജി. വിഷ്ണു, എം.എസ്‌.സി വിദ്യാര്‍ഥിയായ ആല്‍ബിന്‍ ഷാജന്‍ എന്നിവരാണ് വാഹനത്തിലുള്ളത്. മൂന്ന് ദിവസം വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ച ശേഷം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കും. ആദ്യ ദിവസം സിവില്‍ സ്‌റ്റേഷനിലാണ് വാഹനം തങ്ങുന്നത്. അടുത്ത ദിവസം മറ്റിടത്തേക്ക് മാറ്റും. അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളുടെ നിലയറിയാനുള്ള ഫീല്‍ഡ് ഗ്യാസ് അനലൈസറും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

എം.ജി. സര്‍വകലാശാല എന്‍വയോണ്‍മെന്റ് സയന്‍സ് വിഭാഗത്തിലെ പ്രോഫ. ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തിലാണ് ഹരിത വാതകങ്ങളുടെ തോത് അളക്കുന്നത്. ദക്ഷിണേന്ത്യയില്‍ എം.ജി. സര്‍വകലാശാലയില്‍ മാത്രമാണ് ഇത്തരത്തില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള മൊബൈല്‍ വാഹന സൗകര്യമുള്ളത്. നാലു വര്‍ഷം മുമ്പാണ് സര്‍വകലാശാല വാഹനം വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *