ബഹ്മപുരം: പുക അണയുന്നതുവരെ രാവും പകലും പ്രവര്‍ത്തനം

ബ്രഹ്മപുരത്തെ പുക നിയന്ത്രിക്കാൻ എസ്ക്കവേറ്ററുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ പുതുതായി ചാർജെടുത്ത കളക്ടര്‍ നിര്‍ദേശിച്ചു. രാത്രിയും പകലും എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യം വലിച്ചുനീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. ബ്രഹ്‌മപുരത്ത് എത്തിച്ചിട്ടുള്ള മുഴുവന്‍ എസ്‌കവേറ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചു.

സ്ഥാനമേറ്റെടുത്ത ഉടൻ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. ഉദ്യോഗസ്ഥര്‍ക്കൊപ്പം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെത്തി. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍ കുമാര്‍, പി.വി. ശ്രീനിജിന്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്നിരക്ഷാ സേന, കോര്‍പ്പറേഷന്‍, പോലീസ്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.

പുക അണയ്ക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി പരിശ്രമം ആവശ്യമാണെന്നും ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുസമൂഹം എന്നിവര്‍ ഒറ്റക്കെട്ടായി നിന്നാലേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്നും കളക്ടര്‍ പറഞ്ഞു. ബ്രഹ്‌മപുരത്ത് തീയണയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കും.

പുക ശമിപ്പിക്കാന്‍ നേവിയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോര്‍പ്പറേഷന്‍, ഫയര്‍, റവന്യൂ, ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ചൊവ്വാഴ്ച മുതല്‍ പൂര്‍ണ്ണസജ്ജമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. എസ്ക്കവേറ്ററുകള്‍ ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്. 52 എസ്‌കവേറ്ററുകളാണ് ഉപയോഗിക്കുന്നത്. 70 ശതമാനം സ്ഥലങ്ങളിലെ പുക അണച്ചു. പകല്‍ നടക്കുന്ന അതേ തീവ്രതയില്‍ രാത്രിയും പ്രവര്‍ത്തിക്കും. കാറ്റ് അനുകൂലമാകുന്നത് രാത്രിയാണ്. ജീവനക്കാര്‍ക്ക് ആവശ്യത്തിന് മാസ്‌ക്കുകളും ലഭ്യമാക്കി. ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ ആരോഗ്യവകുപ്പ് നടത്തും. ഓക്‌സിജന്‍ പാര്‍ലറിനും കണ്‍ട്രോള്‍ റൂമിനും പുറമേ സ്വകാര്യ ആംബുലന്‍സ് കൂടി സജ്ജമാക്കും.

മാലിന്യനീക്കം സംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തി തീരുമാനിക്കും. നഗരങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥ തുടരാന്‍ കഴിയില്ല. പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങള്‍, റബ്ബര്‍, വര്‍ഷങ്ങളായി കിടക്കുന്ന ലെഗസി മാലിന്യങ്ങള്‍ തുടങ്ങിവയുണ്ട്. അതിനാല്‍ തീയണച്ചാലും ഉളളിലെ പുക നിലനില്‍ക്കും. അതിനാല്‍ എസ്‌കവേറ്ററിന്റെ പ്രവര്‍ത്തനം ഏറെ പ്രധാനമാണെന്നും മേയര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *