സിയാൽ വേനൽക്കാല സമയക്രമം പ്രഖ്യാപിച്ചു ; 1484 പ്രതിവാര സർവീസുകൾ

എയർ ഇന്ത്യയുടെ യു.കെ വിമാന സർവീസ് ലണ്ടൻ (ഗാറ്റ്‌വിക്ക്)ൽ നിന്ന്
മാലി, റിയാദ്, ദമാം, ബഹ്‌റൈൻ, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ദിവസവും അധിക വിമാനങ്ങൾ
കൊച്ചി – റാസ്അൽ ഖൈമ പ്രതിദിന സർവീസ് തുടങ്ങുന്നു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വേനൽക്കാല വിമാന സർവീസ് സമയവിവരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. 2023 മാർച്ച് 26 മുതൽ ഒക്‌ടോബർ 28 വരെയാണ് ഈ സർവീസുകളുടെ പ്രാബല്യം. ഇപ്പോൾ തുടരുന്നു കൊണ്ടിരിക്കുന്ന ശീതകാല പട്ടികയിൽ ആകെ 1202 സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ 1484 പ്രതിവാര സർവീസുകളായി.

രാജ്യാന്തര സെക്ടറിൽ ഇരുപത്തിമൂന്നും ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. 332 രാജ്യാന്തര സർവീസുകളും 410 ആഭ്യന്തര സർവീസുകളുമാണ് പ്രഖ്യാപിക്കപ്പെട്ട വേനൽക്കാല പട്ടികയിലുള്ളത്. രാജ്യാന്തര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്- 51 പ്രതിവാര സർവീസുകൾ.

രണ്ടാമതായി ദുബായിലേക്ക് 45 സർവീസുകളാണ് കൊച്ചിയിൽ നിന്നുള്ളത്. ഇൻഡിഗോ-63, എയർ ഇന്ത്യ എക്സ്പ്രസ്സ്- 44, സ്‌പൈസ്‌ജെറ്റ് – 21 എയർ അറേബ്യ അബുദാബി – 20 എയർ ഏഷ്യ ബർഹാദ് – 18 എയർ അറേബ്യ-14 , എമിറേറ്റ്സ് എയർ -14 , എത്തിഹാദ് എയർ -14 , ഒമാൻ എയർ -14 , സൗദി അറേബ്യൻ -14 , സിങ്കപ്പൂർ എയർലൈൻസ് -14 എന്നിവയാണ് രാജ്യാന്തര സർവീസുകൾ നടത്തുന്ന പ്രമുഖ വിമാനകമ്പനികൾ.

എയർ അറേബ്യ അബുദാബി ആഴ്ചയിൽ 10 അധികസർവീസുകളും, എയർ ഏഷ്യ ബർഹാദ് കോലാലംപൂരിലേക്ക് പ്രതിദിനം ശരാശരി 5 സർവീസുകളും അധികമായി ആരംഭിക്കും. സ്‌പൈസ് ജെറ്റ് മാലിയിലേക്കും റിയാദിലേക്കും, ഇൻഡിഗോ ദമാമിലേക്കും ബഹ്‌റൈനിലേക്കും പ്രതിദിന അധിക വിമാനസർവീസുകൾ നടത്തും.

ഇൻഡിഗോ എയർലൈൻസിന്റെ കൊച്ചി – റാസ്അ ൽ ഖൈമ പ്രതിദിന വിമാന സർവീസ്, കൊച്ചിയിൽ നിന്ന് പുതിയ രാജ്യാന്തര സെക്ടറിന് വഴിതെളിക്കും. എയർ ഇന്ത്യ- യു.കെ വിമാന സർവീസ് ഹീത്രൂവിന് പകരം ലണ്ടൻ (ഗാറ്റ്‌വിക്ക്) മാറ്റിയിട്ടുണ്ട്. ആഭ്യന്തര പ്രതിവാര വിമാനസർവീസുകളിൽ ബാംഗ്ലൂരിലേക്ക് 131, മുംബൈയിലേക്ക് 73, ഡൽഹിയിലേക്ക് 64, ഹൈദരാബാദിലേക്ക് 55, ചെന്നൈയിലേക്ക് 35, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ, കൊൽക്കത്ത, പൂനെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 സർവീസുകൾ വീതവും ഉണ്ടായിരിക്കും. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവ മുംബൈയിലേക്കും ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നിവ ഹൈദരാബാദിലേക്കും ഇൻഡിഗോ ആകാശ എയർ എന്നിവ ബാംഗ്ലൂരിലേക്കും പ്രതിദിന അധിക വിമാനസർവീസുകൾ ആരംഭിക്കും.

ചൈനയും അമേരിക്കയും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ന് ഇന്ത്യ. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളം എന്ന നിലയിൽ, ഇന്ത്യൻ വ്യോമയാന മേഖലയിലെ വികസനങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾക്കായി സിയാൽ സദാ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

വരും ദിനങ്ങളിൽ ആഭ്യന്തര മേഖലയിൽ 17 ശതമാനം വളർച്ചയടക്കമുള്ള വൻ പദ്ധതികളാണ് ഇന്ത്യൻ വ്യോമയാന മേഖല ലക്‌ഷ്യം വയ്ക്കുന്നത്. ദക്ഷിണേന്ത്യയിലെ വ്യോമഗതാഗതത്തിന്റെ മുഖ്യകേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള പദ്ധതികൾ സിയാൽ വിഭാവനം ചെയ്തു വരികയാണ്. അതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

സിയാലിലെ യാത്രക്കാരുടെ എണ്ണം കോവിഡ് പൂർവ കാലഘട്ടത്തിന്റെ 96 ശതമാനത്തോളം ആയിട്ടുണ്ട്. സിയാൽ കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം ചെയ്ത ബിസിനസ് ജെറ്റ് ടെർമിനൽ വിജയകരമായി മുന്നോട്ട് പോകുന്നു. ഇത് വരെ 130 ൽ അധികം സർവീസുകൾ ഇവിടെ നിന്ന് നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *