വവ്വാലുകളുടെ അത്ഭുതലോകം പരിചയപ്പെടുത്തി ശില്പശാല
കേരള വനഗവേഷണ കേന്ദ്രം (കെ. എഫ്. ആർ. ഐ. ) വൈൽഡ് ലൈഫ് ബയോളജി വിഭാഗം വവ്വാലുകളെക്കുറിച്ച് ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കെ.എഫ്. ആർ.ഐ. പീച്ചി കേന്ദ്രത്തിൽ നടന്ന ശില്പശാലയിൽ വവ്വാലുകളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാനും അവയുടെ ജൈവഘടനയെക്കുറിച്ച് ആഴത്തിൽ അറിയാനും ഉതകുന്ന ക്ലാസുകൾ നടന്നു. കെ.എഫ്. .ആർ .ഐ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
കേരള കാർഷിക സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസ്സറും വവ്വാൽ ഗവേഷകനുമായ ശ്രീഹരി രാമൻ, കെ. എഫ്. ആർ. ഐ ഗവേഷകരായ ഡോ. പേരോത്ത് ബാലകൃഷ്ണൻ, നിതിൻ ദിവാകർ എന്നിവർ വവ്വാലുകളുടെ ടാക്സോണമി , അക്കൗസ്റ്റിക്സ്, സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ നിന്നായി 25 ഓളം പേർ പങ്കെടുത്തു.
ആവാസവ്യവസ്ഥയിൽ വവ്വാലുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇന്ത്യയിലും വിദേശത്തുമായി കാണുന്ന വിവിധതരം വവ്വാലുകളെക്കുറിച്ചും അവയുടെ ശരീരഘടന, ആശയവിനിമയം, ഭക്ഷണം, ചേക്കേറുന്ന ഇടങ്ങൾ, മനുഷ്യരുമായുള്ള ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ശില്പശാലയുടെ സമാപന സമ്മേളനത്തിൽ കെ.എഫ്. ആർ.ഐ രജിസ്ട്രാർ ഡോ. ടി. വി. സജീവ്, ഡോ. പേരോത്ത് ബാലകൃഷ്ണൻ, ഡോ അനൂപ് ദാസ്, ഡോ. സുഗന്ധ ശക്തിവേൽ എന്നിവർ പങ്കെടുത്തു.