സഞ്ചാരികൾക്ക് ഹരം പകരാൻ ഒട്ടകത്തലമേട് ഒരുങ്ങുന്നു
ഇടുക്കിയിലെ ഒട്ടകത്തലമേട് കേരളത്തിലെ ടൂറിസം ഭൂപടത്തിലേക്ക്. നിരവധി സഞ്ചാരികൾ എത്തുന്ന ഇടുക്കി കുമളിയിൽ അധികമാരും എത്താത്ത പ്രകൃതി സുന്ദരമായ ഭൂമിയാണ് ഒട്ടകത്തലമേട്. ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ഒട്ടകത്തലമേട് ടൂറിസം വികസന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
സമുദ്ര നിരപ്പിൽ നിന്നും രണ്ടായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒട്ടകത്തലമേടിൽ നിന്നും തേക്കടി തടാകം, കുമളി, തമിഴ്നാട് പ്രദേശങ്ങൾ എന്നിവയുടെ വിദൂരദൃശ്യം ആസ്വദിക്കാം. കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന വിധത്തിൽ കുമളി ഗ്രാമ പഞ്ചായത്തും ടൂറിസം വകുപ്പും സംയുക്തമായി ഒന്നര കോടി രൂപ ചെലവഴിച്ചാണ് വികസന പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വളർത്തി കൊണ്ടുവരുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താം. ഡി.പി.ആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് പ്രൊപ്പോസൽ സമർപ്പിക്കേണ്ടത്.