തട്ടേക്കാട് : കേരളത്തിൽ പക്ഷികൾക്കൊരു പറുദീസ
എഴുത്തും ചിത്രങ്ങളും ഡോ.പി.വി.മോഹനൻ
പെരിയാറിന്റ കുളിരു തേടി പറന്നെത്തുന്ന നിരവധി ദേശാടന പക്ഷികൾ. ഭൂതത്താൻകെട്ടും അതിനോട് ചേർന്ന തടയണകളും, നിത്യഹരിത വനങ്ങളും ചേർന്നൊരുക്കുന്ന അനുകൂല ആവാസ വ്യവസ്ഥ. ആകാശത്തും വെള്ളത്തിലുമായി വിഹരിക്കുന്ന 320 ഇനം പക്ഷികൾ…. ഇത് തട്ടേക്കാട് – ലോകത്തിലെ പ്രശസ്തമായ പക്ഷിസങ്കേതം. ഏറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്താണ് 25 ചതുരശ്ര കി.മി. വിസ്തൃതിയുള്ള ഈ സങ്കേതം.
1933 ൽ തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ച് പക്ഷികളുടെ സർവെ നടത്താനാണ് ഡോ.സലിം അലി ആദ്യമായി തട്ടേക്കാട്ടെത്തുന്നത്. തുടർന്ന് 1980 ൽ നടത്തിയ രണ്ടാം സന്ദർശനത്തിനു ശേഷമാണ് തട്ടേക്കാടിനെ പക്ഷി സങ്കേതമാക്കണമെന്ന നിർദ്ദേശം
അദ്ദേഹം മൂന്നാട്ട് വെച്ചത്. അതിനെ തുടർന്ന് 1984 ൽ സംസ്ഥാന സർക്കാർ തട്ടേക്കാടിനെ പക്ഷിസങ്കേതമാക്കി മാറ്റി സലിം അലിയുടെ പേരും നൽകി. ആ പേരാണ് ഈ സങ്കേതത്തെ പ്രശസ്തമാക്കിയതും ലോകം മുഴുവനും അറിഞ്ഞതും.
വൈവിധ്യമാർന്ന പക്ഷികളെ കാണാനായി നിരവധി വിദേശികൾ ഇവിടെയെത്തുന്നുണ്ട്. സൈബീരിയയിൽ നിന്നുള്ള പക്ഷികൾ വരെ ഇവിടുത്തെ വിരുന്നുകാരാണ്. ചെറിയ പാറകെട്ടുകളും തെളിനീരൊഴുകുന്ന അരുവികളും അടിക്കാടുകളാൽ തിങ്ങിനിറഞ്ഞ നിത്യഹരിത വനങ്ങളും പക്ഷികളെ നിരീക്ഷിക്കുന്നതിന് അനുകൂല
ഘടകങ്ങളാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് സന്ദർശനത്തിന് നല്ല സമയം. മലബാർ ടോഗോൺ, ശ്രീലങ്കൻ ഫ്രോഗ് മൗത്ത്, ബ്ലാക്ക്ബസ്സ തുടങ്ങിയവയെ കാണാൻ മാത്രമായി വിദേശികളെത്തുന്നുണ്ടെന്ന് ഗൈഡ് ജോമോൻ പറയുന്നു.
25 ലധികം ഗൈഡുകൾ ഇവിടെയുണ്ട്. ഓരോ പക്ഷികളും സ്ഥിരമായി ഇരിക്കുന്ന മരക്കൊമ്പുകൾ വരെ അവർ ഓർത്ത് വെച്ചിട്ടുണ്ട്. പക്ഷികളുടെ ശബ്ദവും ചലനങ്ങളും നോക്കി തിരിച്ചറിയാൻ കഴിവുള്ളവരാണ് ഗൈഡുകൾ. കോതമംഗലത്തെ ടൂർ ഏജന്റ് വിനോദിനെയാണ് ഞങ്ങൾ ആശ്രയിച്ചത്. താമസ്സം, ഭക്ഷണം യാത്ര എല്ലാം ഏജന്റ് ചെയ്ത് തരും. രാവിലെ 6.30 മുതൽ വൈകീട്ട് ഏഴു വരെ യാണ് സഫാരി. ക്യാമറയുമായി കാട്ടിലൂടെ നടക്കാം. ഭക്ഷണം ഹോട്ടലിലെത്തി കഴിച്ച് വീണ്ടും കാട്ടിലേക്ക് പോകും.
ഫോട്ടോ എടുക്കുന്നതിനായി ഹൈഡുകൾ ഒരുക്കിയിട്ടുണ്ട്. കാട്ടിനോട് ചേർന്ന സ്വകാര്യ സ്ഥലത്താണ് ഹൈഡ് സജ്‌ജീകരിച്ചിരിക്കുന്നത്. വെള്ളം കുടിക്കാനെത്തുന്ന നിരവധി പക്ഷികളെ ഫ്രെയിമിലാക്കാൻ ഇതിലൂടെ സാധിക്കും. ഉച്ചക്ക് രണ്ട് മുതൽ 6.30 വരെ ഹൈഡിൽ
ഇരിക്കാം. 5 – 6 പേർക്ക് ഹൈഡിൽ ഇരിക്കാൻ സൗകര്യമുണ്ട്. ട്രൈപോഡ് ഉണ്ടെങ്കിൽ സൗകര്യമാണ്. നാല് മണിക്കൂർ വലിയ ലെൻസും ക്യാമറയും പിടിച്ചിരിക്കുന്നത് വിഷമകരമായിരിക്കും. കേവലം 25 ചതുരശ്ര കി.മീ. വലുപ്പമുള്ള തട്ടേക്കാടിൽ 300 ൽ പരം ഇനങ്ങളെ കാണാൻ കഴിയുന്നതു തന്നെ അത്ഭുതകരമായ കാര്യമാണെന്ന് മലേക്ഷ്യയിൽ നിന്നെത്തിയ ലിയോ എന്ന അറുപതുകാരൻ പറഞ്ഞു.
മലബാർ ടോഗോൺ എന്ന പക്ഷിയെ കാണുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷിനിരീക്ഷണത്തിനായി 33 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു കഴിഞ്ഞു. ഇതിൽ പപ്പുവ ന്യൂഗിനി കഴിഞ്ഞാൽ തട്ടേക്കാടാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. വനം വകുപ്പിന്റെ സേവനം തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പ്രധാന പ്രശ്നമാണ്. മുപ്പതിലധികം പ്രധാന പക്ഷികളെ കാണാനും ചിത്രങ്ങളെടുക്കാനും എനിക്ക് സാധിച്ചു. ബ്ലാക്ക് ബാസയെ കാണാൻ കഴിഞ്ഞില്ല. അടുത്ത വർഷം ജനുവരിയിൽ ഒന്നു കൂടി വരണം ഈ പക്ഷികളുടെ പറുദീസയിലേക്ക് – അദ്ദേഹം പറഞ്ഞു. (മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി.ഡയരക്ടറും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് ലേഖകൻ