ജലബജറ്റ്: സംസ്ഥാനതല ശില്പശാല തുടങ്ങി
ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനത്തില്‍ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ശില്പശാല തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലബജറ്റ് ബ്രോഷര്‍ ഇടുക്കി ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാന്‍ ആഗോള നടപടികള്‍ക്ക് പുറമേ പ്രാദേശിക ഇടപെടലുകളും വേണമെന്നും ഇത്തരത്തിലുള്ള സുപ്രധാന ഇടപെടലുകള്‍ ആണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ തയ്യാറാക്കുന്ന ജലബജറ്റെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അധികാര വികേന്ദ്രീകരണത്തിലൂടെ വിവിധ വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ജലബജറ്റും വിജയകരമായി തയ്യാറാക്കാനാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നവകേരളം കര്‍മപദ്ധതി സംസ്ഥാന കോഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സനുമായ ഡോ. ടി.എന്‍.സീമ പറഞ്ഞു. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിന് ജലബജറ്റ് മുതല്‍ക്കൂട്ടാവുമെന്നും ഡോ. സീമ അഭിപ്രായപ്പെട്ടു.
കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി. പി. മുരളി, നവകേരളം കര്‍മപദ്ധതി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇന്ദു എസ്, അസിസ്റ്റന്റ് കോഡിനേറ്റര്‍ ടി. പി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രവും സംയുക്തമായാണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്.
കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. സുശാന്ത്, സയന്റിസ്റ്റ് ഡോ. വിവേക് എന്നിവരാണ് ടെക്‌നിക്കല്‍ സെഷന് നേതൃത്വം നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ ജലബജറ്റ് തയ്യാറാക്കുന്ന തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെയും 95 ഗ്രാമപഞ്ചായത്തുകളിലെയും പ്രസിഡന്റുമാരും പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്ക് സമാപന സമ്മേളനം ജലവിഭവ മന്ത്രി . റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജലബജറ്റ് മാര്‍ഗ്ഗരേഖയുടെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും.