ജ്ഞാനപ്പാന പുരസ്ക്കാരം വി.മധുസൂദനൻ നായർക്ക്

2023 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്ക്കാരം കവിയും അധ്യാപകനുമായ പ്രൊഫ .വി. മധുസൂദനൻ നായർക്ക്. സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്ക്കാരം. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഫെബ്രുവരി 24 ന് വൈകിട്ട് അഞ്ചു മണിക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പുരസ്ക്കാരം സമ്മാനിക്കും.

കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായ ആലങ്കോട് ലീലാകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ എന്നിവരുൾപ്പെട്ട സമിതിയാണ് ജ്ഞാനപ്പാന പുരസ്കാരത്തിന് പ്രൊഫ.വി.മധുസൂദനൻ നായരെ തെരഞ്ഞെടുത്തത്. ഭാരതീയാത്മീയ ദർശനങ്ങളുടെ അമൃതാനുഭവത്തെ അഗാധമായ ഭക്തി പ്രഹർഷവും ആത്മീയാനുഭൂതിയുമായി ആവിഷ്ക്കരിക്കുന്നവയാണ് പ്രൊഫ.വി.മധുസൂദനൻ നായരുടെ കവിതകളെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി.

പൂന്താനത്തിൻ്റെ പൂന്തേനായി വിശേഷിപ്പിക്കപ്പെടുന്ന ഭക്തി കാവ്യമായ ജ്ഞാനപ്പാനയുടെ പേരിൽ 2004 മുതൽ ഗുരുവായുർ ദേവസ്വം പുരസ്ക്കാരം നൽകി വരുന്നു. ജി. അരവിന്ദനാണ് ആദ്യ പുരസ്കാര ജേതാവ്.മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, ഡോ.എം.ലീലാവതി, പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരി, സുഗതകുമാരി, സി.രാധാകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, ചൊവ്വല്ലുർ കൃഷ്ണൻകുട്ടി, കെ.ജയകുമാർ എന്നിവർ ജ്ഞാനപ്പാന പുരസ്ക്കാര ജേതാക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *