കളിയാട്ടത്തിന് ചാരുതയേകി അടക്ക കൊണ്ട് അലങ്കാരങ്ങൾ
99000 രൂപയുടെ അടക്കയാണ് താവൂരിയാട്ട് ക്ഷേത്രത്തിൽ ഉപയോഗിച്ചത്
സാരഞ്ജിനി ജയരാജ്
കണ്ണൂർ രാമന്തളി താവൂരിയാട്ട് ക്ഷേത്ര കളിയാട്ടത്തിന്
അടക്കകൊണ്ടുളള ചമയങ്ങൾ കൗതുകം പകരുന്നു. 22000 അടക്കയാണ് ഇത്തവണ ചമയത്തിനായി ക്ഷേത്രത്തിൽ ഉപയോഗിച്ചത്. അടക്ക ഒന്നിന് 4 രൂപ 50 പൈസ വെച്ച് 99000 രൂപയാണ് അടക്കയ്ക്ക് വേണ്ടി ചെലവഴിച്ചത്. കിലോമീറ്റർ അകലെയുള്ള കാനായി എന്ന സ്ഥലത്തെ തോട്ടമുടമയായ ഇസ്മായിൽ എന്നയാളിൽ നിന്നാണ് അടക്ക ശേഖരിച്ചത്. ഏതാണ്ട് മുപ്പതോളം പേരുടെ പരിശ്രമത്തിലാണ് രാമന്തളിയിൽ അടക്കാ തൂൺ വിരിഞ്ഞത്.
അടക്ക കൊണ്ട് അലംകൃതമായ തൂണുകളും ക്ഷേത്രമാടവും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്. നിരവധി പേർ ഈ കാഴ്ച കാണാനായി എത്തുന്നു. അടക്ക തുന്നി ച്ചേർക്കുകയാണ് ചെയ്യുന്നത്. എണ്ണയിൽ
മുക്കിയ തുണി കൊണ്ട് തുടച്ച് മിനുക്കി എടുക്കുന്ന അടക്കാതൂണുകള് ഭംഗിയേറിയതാണ്. വടക്കൻ കേരളത്തിൽ ഉത്സവത്തിനും തെയ്യത്തിനും ചമയങ്ങളൊരുക്കുന്നത് പ്രകൃതി വിഭവങ്ങൾ കൊണ്ടാണ്. കാർഷിക വിഭവങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങളും പലയിടത്തുമുണ്ട്. രാമന്തളി ലോകറെ കളരി കൊട്ടാരം എന്നറിയപ്പെടുന്ന താവുരിയാട്ട് ക്ഷേത്രത്തിലെ കളിയാട്ടത്തിലുള്പ്പെടെ മൂന്ന് തെയ്യക്കാവുകളിൽ അടക്ക കൊണ്ട് തീർത്ത അതി മനോഹരമായ അലങ്കാരങ്ങൾ കാണാൻ കൗതുകമാണ്.
മാതമംഗലത്തെ നീലിയാർ കോട്ടം, ആലപ്പടമ്പ് കളരി തുടങ്ങിയ തെയ്യക്കാവുകളിലാണ് രാമന്തളി താവുരിയാട്ടിന് പുറമെ അടക്ക കൊണ്ട് ചമയ വിസ്മയം തീർക്കുന്നത്. ആലക്കാട്ട് കളരിയിലും മാതമംഗലം നീലിയാർ കോട്ടത്തും അടക്ക തൂണുകൾക്ക് പുറമെ വ്യത്യസ്തങ്ങളായ പൂക്കൾ കമനീയമായി
അലങ്കരിച്ചും ചക്ക, മാങ്ങ, ഇളനീർ തുടങ്ങിയ ഫലങ്ങൾ ഭംഗിയായി ക്ഷേത്ര തിരുമുറ്റത്ത് തൂക്കിയും ക്ഷേത്ര സങ്കേതങ്ങളെ അലങ്കരിക്കാറുണ്ട്. രാമന്തളി താവുരിയാട്ട് അഞ്ചു നാൾ നീണ്ടു നിൽക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ മൂന്നാം ദിവസം പകലാണ് ഫലപുഷ്പാദികൾ കൊണ്ട് ക്ഷേത്രം അലങ്കരിക്കുക. തുടർന്ന് രണ്ട് രാത്രികളും സമാപന ദിവസവും ക്ഷേത്രത്തിലെത്തുന്നവർക്ക് കാഴ്ചയുടെ നവ്യാനുഭവമാണ് ക്ഷേത്രത്തിലെ അലങ്കാരങ്ങൾ സമ്മാനിക്കുക. വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി എന്നീ പ്രധാന തെയ്യക്കാൾ കെട്ടിയാടുന്ന ക്ഷേത്രമാണ് താവുരിയാട്ട് .
തൂണുകൾ അലങ്കരിക്കാൻ പഴുത്ത അടക്കയാണ് ഉപയോഗിക്കുന്നത്. പച്ച അടക്ക ഇടയ്ക്ക് ഉപയോഗിച്ച് തൂണിൻ്റെ ചാരുത വർദ്ധിപ്പിക്കാറുണ്ട്. ഓറഞ്ച് നിറത്തിനിടയിലെ പച്ചനിറം കാഴ്ചക്കാരുടെ മനം കവരും.
മാതമംഗലത്തും ആലക്കാട്ടും ഇരു പതിനായിരത്തിൽ താഴെ മാത്രം അടക്ക ഉപയോഗിക്കുമ്പോൾ രാമന്തളി താവൂരിയാട്ട് 22000 അടക്കയാണ് ഇത്തവണ ഉപയോഗിച്ചത്.
ഉത്തര കേരളത്തിലെ തെയ്യക്കാവുകളിൽ കളിയാട്ടത്തിനും, പാട്ട്, പൂരം തുടങ്ങിയ ആഘോഷങ്ങൾക്കും ഫലങ്ങൾ കൊണ്ടും പുഷ്പങ്ങൾ കൊണ്ടും ചമയം ഒരുക്കാറുണ്ട്. ചക്ക, മാങ്ങ, തേങ്ങ, വാഴക്കുല തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്ന ഫലവർഗ്ഗങ്ങൾ. കുരുത്തോല കൊണ്ടാണ് പന്തൽചമയം. മാവിൻ്റ ഇലയും ചമയങ്ങൾക്കുപയോഗിക്കും. ചെക്കിപ്പൂ, കമുകിൻ പൂക്കുല തുടങ്ങിയവ കൊണ്ടുള്ള തോരണങ്ങൾ തെയ്യക്കാവിലെ ആഘോഷങ്ങൾക്ക് ചാരുത പകരാറുണ്ട്.
Wonderful information for non- north Kerala readers. Golden coloured arecanut bunches are a feast for the eyes and commonly used on festive occasions. A festivity called Aandiyoottu at Vadasseri , Kankol/Alappadamba/ Matthil also used to have beautifully decorated Adakka pillars!