പഠനത്തോടൊപ്പം ജോലി: കേരളത്തിലും നടപ്പാക്കും- മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാജപ്രചാരണം യുവാക്കൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯ പറഞ്ഞു. പഠനത്തോടൊപ്പം ജോലിയും തൊഴിൽ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശങ്ങളിലെ രീതി കേരളത്തിലും നടപ്പാകുമെന്നും യുവാക്കളെ തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാ൯ അവസരമൊരുക്കി സംഘടിപ്പിച്ച പ്രൊഫഷണൽ സ്റ്റുഡന്‍റ്സ് ഉച്ചകോടി അങ്കമാലി അഡ്‌ലക്‌സ് കണ്‍വെ൯ഷ൯ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കൾ കേരളം ഉപേക്ഷിക്കുകയാണെന്നും കേരളത്തിൽ വ്യാവസായിക സൗഹൃദ അന്തരീക്ഷമില്ലെന്നുമുള്ള തെറ്റായ പ്രചാരണത്തെ തുടർന്ന് വിദ്യാർത്ഥികൾക്കുള്ള ആശങ്കകൾ സർക്കാർ കാണുന്നുണ്ട്.

പഠനത്തോടൊപ്പം ജോലിയും തൊഴിൽ നൈപുണ്യ വികസത്തിനുള്ള അവസരവുമാണ് വിദേശത്തേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. അത്തരം സൗകര്യങ്ങൾ ഇവിടെയും ഒരുക്കും. ഇതിന്‍റെ ഭാഗമായാണ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കിയത്. നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാ൯ മുന്നിട്ടിറങ്ങുന്നവർക്ക് എല്ലാ സഹായവും സർക്കാർ നൽകും – മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിൽ നിർമ്മാണ മേഖലയുടെ സംഭാവന 14% ആണ്. ദേശീയ ശരാശരിക്കടുത്താണിത്. കഴിഞ്ഞ വർഷം വ്യാവസായിക സൗഹൃദ അന്തരീക്ഷ റാങ്കിംഗിൽ കേരളം പതിനഞ്ചാം സ്ഥാനത്തെത്തി. തെക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് ആന്‍റ് ഇന്നവേഷൻ ഹബ് കേരളത്തിലാണ്. നാലാം വ്യവസായ വിപ്ലവത്തിൽ ഐടി, ബയോടെക്നോളജി, ഇലക്ട്രിക് വാഹന നിർമ്മാണം, ഫിൻ ടെക് സാങ്കേതികവിദ്യ തുടങ്ങിയവ ഏറെ പ്രാധാന്യമർഹിക്കുന്നു.

ലൈസൻസ് പാർക്ക്, ഐടി സ്പേസുകളുടെ വിപുലീകരണം, സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം, ഗ്രാഫീൻ ഗവേഷണ കേന്ദ്രം തുടങ്ങിയ ഇടപെടലുകളും സർക്കാർ നടത്തിവരുന്നു. സാങ്കേതിക വിദ്യകളെയും അക്കാദമിക് അറിവുകളെയും നാടിന്‍റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുമ്പോഴാണ് യഥാർത്ഥ വിദ്യാഭ്യാസം സാധ്യമാകുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയായി. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, അസാപ് സി. എം. ഡി. ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *