പി.ആര്‍.ഡി. ‘പ്രിസം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല ‘പ്രിസം’ പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനല്‍ തയാറാക്കുക. അപേക്ഷകള്‍ ഫെബ്രുവരി 15 വരെ careers.cdit.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ജില്ലാ അടിസ്ഥാനത്തിലും തിരുവനന്തപുരത്തുള്ള വകുപ്പിന്റെ ഡയറക്ടറേറ്റിലുമായാണു പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. സബ്ബ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും കണ്ടെന്റ് എഡിറ്റിങ്ങിലും വീഡിയോ എഡിറ്റിങ്ങിലും പ്രാവീണ്യവുമുള്ളവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. വിഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു പാനലുകളിലേക്കും പ്രായപരിധി 01-01-2023ല്‍ 35 വയസ്.
എഴുത്തു പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ഒരു വര്‍ഷമാണ് പാനലിന്റെ കാലാവധി. സബ്ബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേക്കും അപേക്ഷിക്കാം. സബ്ബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ വിജ്ഞാപനം www.prd.kerala.gov.in, careers.cdit.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.