ഗ്ലോബല്‍ എക്‌സ്‌പോയിലെ ബാനറുകള്‍ റീസൈക്ലിങ്ങിന്

എറണാകുളത്ത് നടന്ന ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് ഉപയോഗിച്ച പോളി എത്തിലിന്‍ പരസ്യ ബാനറുകള്‍, മറ്റ് അജൈവ പാഴ് വസ്തുക്കള്‍ എന്നിവ ഹരിത കര്‍മ്മസേന വഴി ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് റീസൈക്ലിങ്ങിനായി കൈമാറി.  കൈമാറിയ അജൈവ പാഴ് വസ്തുക്കള്‍ റീസൈക്ലിങ്ങ് ചെയ്യുന്നതിന്റെ ഉദ്ഘാടനം മേയര്‍ എം.അനില്‍ കുമാര്‍ നിര്‍വഹിച്ചു. ക്ലീന്‍ കേരളാ കമ്പനി ജില്ലാ മാനേജര്‍ പി.വി ഗ്രീഷ്മയാണ് അജൈവ പാഴ് വസ്തുക്കള്‍ മേയര്‍ക്ക് കൈമാറിയത്. കേരള പ്ലാസ്റ്റിക്ക് റീസൈക്ലിങ് അസോസിയേഷന്‍ വഴിയാണ് റീസൈക്ലിങ് നടത്തുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസ്, സംസ്ഥാന ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍, ക്ലീന്‍ കേരള കമ്പനി കൊല്ലം ജില്ല മാനേജര്‍ നസീമ ഷാ, തിരുവനന്തപുരം ജില്ലാ മാനേജര്‍ പ്രതീഷ്, എറണാകുളം ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ അഡ്വ. ശശിധരന്‍, രോഹിത്, സബിത തുടങ്ങിയവര്‍ പങ്കെടുത്തു.

മറൈന്‍ ഡ്രൈവില്‍ നടന്ന എക്‌സ്‌പോയുടെ ഭാഗമായി വിവിധ സ്റ്റാളുകള്‍, സെമിനാര്‍ ഹാളുകള്‍ എന്നിവ സജ്ജീകരിച്ചിരുന്നു. ഇവയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ച പോളി എത്തിലിന്‍ ഷീറ്റുകളുടെ പരസ്യ ബാനറുകളും, മറ്റ് അജൈവ പാഴ് വസ്തുക്കളുമാണ് റീസൈക്ലിങ്ങിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. അജൈവ പാഴ്വസ്തുക്കള്‍ കൊച്ചിയിലെ ഹരിത കര്‍മ്മസേന വഴി ശേഖരിക്കുകയും അവ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തു.

പൊതുപരിപാടികള്‍ നടന്നു കഴിയുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുകയെന്നത് പ്രധാന വെല്ലുവിളിയാണ്. എന്നാല്‍ ക്ലീന്‍ കേരള കമ്പനിയുടെയും മറ്റ് ഏജന്‍സികളുടെയും ഫലപ്രദമായ ഇടപെടലിലൂടെ മാലിന്യ സംസ്‌ക്കരണം  നടത്താന്‍ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *