മാലിന്യ സംസ്ക്കരണം: ഗ്ലോബല്‍ എക്സ്പോ ശനിയാഴ്ച്ച തുടങ്ങും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇ.എക്‌സ് കേരള 23-ന്റെ ഒരുക്കങ്ങളായി.
ഫെബ്രുവരി നാലിന് മറൈന്‍ഡ്രൈവില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എക്സ്പോ ഉദ്ഘാടനം ചെയ്യും. ഖര- ദ്രവ്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യവിമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്‍ക്കുന്നതിനാണ് എക്സ്പോ. തദ്ദേശസ്വയംഭരണ വകുപ്പിനുവേണ്ടി ശുചിത്വ മിഷനാണ്
എക്സ്പോ സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി നാലു മുതല്‍ ആറു നടക്കുന്ന എക്സ്പോയുടെ ഭാഗമായി എക്‌സിബിഷന്‍, സെമിനാറുകള്‍, സംരംഭക സമ്മേളനം തുടങ്ങിയവ നടക്കും. അന്താരാഷ്ട്ര സാങ്കേതിക വിദ്യകളും യന്ത്രസംവിധാനങ്ങളും സ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകളും പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകളുണ്ടാകും.
ഈ മേഖലയിലെ ലോകോത്തര വിദഗ്ധരെ പങ്കെടുപ്പിച്ച് പാനല്‍ ചര്‍ച്ചകള്‍, മാലിന്യ സംസ്‌ക്കരണ മേഖലയിലെ നൂതനാശയങ്ങള്‍ പരിചയപ്പെടുത്തുന്ന സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സംരംഭക സമ്മേളനങ്ങള്‍, ഹാക്കത്തോണ്‍, ടെക്നിക്കല്‍ സെഷനുകള്‍, കലാ സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ജനപ്രതിനിധികള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും. എക്സ്പോ യുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി ബാലഭാസ്‌ക്കരന്‍ കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.