മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂരില്‍
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം. പത്നി സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ തെക്കേ നടയിലാണ് അദ്ദേഹം വന്നിറങ്ങിയത്. കസവ് മുണ്ടും വേഷ്ടിയുമായിരുന്നു വേഷം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും കിഴക്കേ നടയിലും നിന്നിരുന്ന ഭക്തജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മുൻ രാഷ്ട്രപതി ക്ഷേത്രത്തിൽ പ്രവേശിച്ചത്. കൊടിമര ചുവട്ടിൽ നിന്ന് ആദ്യം ഗുരുവായൂരപ്പനെ തൊഴുത ശേഷം നാലമ്പലത്തിലെത്തി. സോപാന പടിയിൽ നിന്ന് വീണ്ടും തൊഴുത് പ്രാർത്ഥിച്ച് കാണിക്കയും സമർപ്പിച്ചു. പിന്നീട് ഗണപതിയെ തൊഴുത് പ്രസാദം വാങ്ങി.
ദർശനം പൂർത്തിയാക്കി കൊടിമര ചുവട്ടിൽ എത്തിയ മുൻ രാഷ്ട്രപതിക്കും കുടുംബാംഗങ്ങൾക്കും ദേവസ്വം ചെയർമാൻ പ്രസാദ കിറ്റ് നൽകി. ദേവസ്വത്തിൻ്റെ ഉപഹാരമായി ഭരണ സമിതി അംഗം കെ. ആർ. ഗോപിനാഥ് ചുമര്‍ ചിത്രം സമ്മാനിച്ചു. ഗജരാജൻഗുരുവായൂർ കേശവനും പാപ്പാനായി ഗുരുവായൂരപ്പനും നിൽക്കുന്നത് ആവിഷ്കരിച്ച ചുമർചിത്രമാണ് നൽകിയത്. തുടർന്ന് ചെയർമാൻ ദേവസ്വം ഡയറിയും സമ്മാനിച്ചു.
ആശ്ചര്യകരം എന്നാണ് ഗുരുവായൂർ ക്ഷേത്ര ദർശനം പൂർത്തിയാക്കിയപ്പോഴുള്ള മുൻ രാഷ്ട്രപതിയുടെ പ്രതികരണം. ദർശനത്തിന് എല്ലാ സൗകര്യവുമൊരുക്കിയ ഗുരുവായൂർ ദേവസ്വത്തിന് നന്ദി പറഞ്ഞാണ് അദ്ദേഹവും കുടുംബവും മടങ്ങിയത്. മുൻ രാഷ്ട്രപതി ഇസഡ് പ്ലസ് കാറ്റഗറിയിൽപ്പെട്ട വി.ഐ.പിയായതിനാൽ ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.