തരിശുനിലങ്ങൾ കൃഷിയിടങ്ങളായി; നൂറുമേനി വിളവ്
തരിശുനിലങ്ങൾ കൃഷിയിടങ്ങളായി മാറിക്കൊണ്ടിരിക്കുന്നത് കാണാൻ എറണാകുളം പിണ്ടിമന ഗ്രാമപഞ്ചായത്തിലേക്ക് വരൂ. തരിശായി കിടക്കുന്ന പടശേഖരങ്ങൾ കണ്ടെത്തി കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകിയാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിൽ കൃഷി ആരംഭിച്ച തരിശു നിലങ്ങളിലെല്ലാം തന്നെ മികച്ച വിളവാണ് ലഭിക്കുന്നത്.
മൂന്നാം വാർഡിൽ ചെങ്കര ചേറായി പാടശേഖരത്ത് നടത്തിയ മുണ്ടകൻ നെൽക്കൃഷി വൻ വിജയമായി. പിണ്ടിമന കൃഷി ഭവൻ്റെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിലാണ് തരിശായി കിടന്ന പാടത്ത് നെൽക്കൃഷിയിറക്കിയത്. കൃഷിഭവനിൽ നിന്ന് സൗജന്യമായി ലഭ്യമാക്കിയ മനുരത്ന വിത്താണ് ഇവിടെ കൃഷിചെയ്തത്. ഒപ്പം കൃഷിക്കാ വശ്യമായ കക്കയും കൃഷിഭവൻ മുഖേന നൽകി. നൂറുമേനി വിളവാണ് ലഭിച്ചത്.
ചേലാട് ചേറായിൽ വിൻസെൻ്റ് എന്ന കർഷകൻ്റെ മൂന്ന് ഏക്കറോളം വരുന്ന പാടം കർഷകരായ ബെന്നി പുതുക്കയിൽ, മാളിയേലിൽ എം.എസ്.ജോർജ്, എൽദോസ് തുടുമ്മേൽ എന്നിവർ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. തരിശുനിലങ്ങളിൽ നെൽക്കൃഷിക്ക് പുറമെ പച്ചക്കറി ഉൾപ്പെടെയുള്ള മറ്റ് കൃഷികളും അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.