‘സുഭിക്ഷ കേരളത്തി’ലൂടെ കൂഷിയിലേക്കിറങ്ങാം

വീണാറാണി. ആര്‍

കോവിഡും ലോക് ഡൗണും നമ്മുടെ ആരോഗ്യ, കാര്‍ഷിക, സാമ്പത്തിക
മേഖലകളെ മാറ്റിമറിച്ചിരിക്കുന്നു. പട്ടിണിയാണ് നമ്മള്‍ നേരിടാന്‍ പോകുന്ന അടുത്ത ഏറ്റവും വലിയ ദുരന്തം. ഭക്ഷ്യക്ഷാമത്തെ അതിജീവിക്കാനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയാണ് സുഭിക്ഷ കേരളം. നിലവിലുളള വിളകളെ സംരക്ഷിക്കാനും ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തി അവ വിറ്റഴിക്കാനുമുള്ള സര്‍ക്കാര്‍ ശ്രമം വിജയമായിരുന്നു.

കാഞ്ഞങ്ങാട് ചാലിങ്കാലിൽ തരിശായി കിടന്ന പ്രദേശത്ത് കെ.കുഞ്ഞിരാമൻ എം. എൽ. എ. നെൽകൃഷിയിറക്കുന്നു

കാര്‍ഷിക മേഖലയിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കിയാല്‍ മാത്രമേ ഭക്ഷ്യമേഖലയില്‍ തുടര്‍ന്നുളള ക്ഷാമം പരിഹരിക്കാന്‍ സാധിക്കു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ നിന്നും ഭക്ഷ്യ സ്വയം പര്യാപ്തതയെന്ന നിലയിലേക്ക് കാര്യങ്ങള്‍ മുന്നേറേണ്ടതുണ്ട്. ഇതിനാണ് മുഖ്യമന്ത്രി കാര്‍ഷിക മേഖലയില്‍ 3000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. സുഭിക്ഷ കേരളം എന്ന സമഗ്ര കാര്‍ഷിക സ്വയം പര്യാപ്ത പദ്ധതി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നിര്‍വ്വഹിക്കുക. ഓരോ വാര്‍ഡിലും തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കൃഷിയോഗ്യമാക്കുകയാണ് സുഭിക്ഷ കേരളത്തിന്റെ ആദ്യപടി. സ്വകാര്യവ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതലായവരുടെ കൈവശമുള്ള തരിശു കിടക്കുന്ന പാടങ്ങളുടേയും പറമ്പുകളുടേയും വിവരങ്ങള്‍ കണ്ടെത്തി നെല്ല്, വാഴ, പച്ചക്കറി, പഴവര്‍ഗങ്ങള്‍, ചെറുധാന്യങ്ങള്‍ തുടങ്ങിയ വിളകള്‍, ഓരോസ്ഥലത്തിന്റേയും കിടപ്പനുസരിച്ച് തരിശു
കൃഷിക്കായി തെരഞ്ഞെടുക്കാം.തരിശു ഭൂമിയില്‍ കൃഷി ചെയ്യാന്‍
താല്‍പര്യമുള്ള സംഘങ്ങളെ കണ്ടെത്തി കൃഷിയിലേക്ക് കൊണ്ട് വരികയാണ് അടുത്ത ഘട്ടം.

യുവജനങ്ങള്‍, മടങ്ങിവന്ന പ്രവാസികള്‍, സ്ത്രീകളുടെ സംഘങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.’പുതിയ സമൂഹം പുതിയ ഇടം’ എന്ന ടാഗ് ലൈനിലാണ് സുഭിക്ഷ കേരളത്തിന്റെ മുന്നേറ്റം. ഓരോ പഞ്ചായത്തിനും പ്രത്യേക ഭൂവിനിയോഗ പദ്ധതി, അതാത് പഞ്ചായത്തിന്റെ പദ്ധതി രേഖയില്‍ഉള്‍പ്പെടുത്തി കൃഷി വകുപ്പുമായി ചേര്‍ന്ന് പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്നു. ദീര്‍ഘകാല പദ്ധതിക്കായി ജലസേചനത്തിനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനും നടപടി പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. തരിശ് കൃഷിവ്യാപിപ്പിക്കുന്നതോടൊപ്പം തെങ്ങിന്‍ തോട്ടങ്ങളിലും കമുകിന്‍ തോട്ടങ്ങളിലും ഇടവിളയായി പച്ചക്കറി, വാഴ, കിഴങ്ങുവര്‍ഗ്ഗവിളകള്‍ തുടങ്ങിയവ കൃഷി
ചെയ്യുന്നതും സുഭിക്ഷ കേരളം വിഭാവനം ചെയ്യുന്നു. ഇതിനായുള്ള നടീല്‍ വസ്തുകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി ലഭ്യമാക്കും. ഓരോ പഞ്ചായത്തിലും 100 ഹെക്ടര്‍ ഇടവിള കൃഷി എന്ന നിലയില്‍ സംസ്ഥാനത്ത് ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ഇടവിള കൃഷി ചെയ്യുന്നതിന് സുഭിക്ഷ കേരളം ലക്ഷ്യമിടുന്നു. സഹകരണ സ്ഥാപനങ്ങള്‍ക്ക് നബാര്‍ഡ് അനുവദിച്ച 1500 കോടി രൂപയുടെ പ്രത്യേക പദ്ധതി കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ വായ്പകള്‍, വിപണനത്തിന്
ആവശ്യമായ റിവോള്‍വിംഗ് ഫണ്ട് എന്നിവ കുറഞ്ഞ പലിശ നിരക്കിലോ പലിശ രഹിതമായോ ലഭ്യമാക്കും. ഇപ്പോള്‍ സഹകരണ സ്ഥാപനങ്ങള്‍ നെല്‍കൃഷിക്ക് അനുവദിക്കുന്ന പലിശ രഹിത വായ്പ മറ്റു കൃഷികള്‍ക്കു കൂടി വ്യാപിപ്പിക്കുന്നതാണ്.

വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ വിവിധ തലങ്ങളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിനുളള എല്ലാ സഹായവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കേണ്ടതും മൃഗ സംരക്ഷണം, ജലസേചനം, സഹകരണം മുതലായ വകുപ്പുകളുടെ എകോപനം ഉറപ്പാക്കേണ്ടതുണ്ട്. തൊഴില്‍ ഉറപ്പു പദ്ധതി വിള ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഷിക സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങിയവയെല്ലാ സുഭിക്ഷ കേരളത്തിന് ശക്തിപകരുന്നു. 44 നദികളും 3000 മില്ലീമീറ്റര്‍ മഴയുമുണ്ടായിട്ടും തരിശിടുന്ന പ്രവണത അവസാനിപ്പിച്ചുകൊണ്ട് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃഷിവകുപ്പിന്റെ ചുമതലയാണ് സുഭിക്ഷ കേരളം നടപ്പാക്കുന്നത്. ഓരോതുള്ളി മഴയും ഒരിഞ്ചു മണ്ണും ഒരു കനല്‍ വെയിലും നഷ്ടപ്പെടുത്താതെ ഓരോരുത്തരും കൃഷിയില്‍ ഇറങ്ങിയാല്‍ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കുള്ള ദൂരം അകലെയാകില്ല. പാട്ടകൃഷി ചെയ്യുന്നതിന് കൃഷിഭൂമി കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കി കൃഷി ചെയ്യിക്കുന്നതിനായി പ്രത്യേക രജി
സ്‌ട്രേഷന്‍ നടപടികള്‍ കൃഷിഭവനും തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്  ഇതിനകം ആരംഭിച്ചിട്ടുണ്ട്. സുഭിക്ഷ കേരളവുമായി ബന്ധപ്പെട്ട സംശയ നിവാരത്തിന് താഴെ കാണിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം
0471-2303990, 0471-2309122 , subhikshakeralam@gmail.com

( കൃഷി ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക )

 

Leave a Reply

Your email address will not be published. Required fields are marked *