സഞ്ചാരികളെ കാത്ത് ബാലുശ്ശേരിയിലെ വയലട
പ്രകൃതി ഭംഗി നുകരാം ഒപ്പം കക്കയം ഡാം റിസർവോയറിൻ്റെ മനോഹര കാഴ്ചകളും കാണാം. പ്രകൃതിയൊരുക്കിയ സ്വപ്ന ഭൂമിയാണ് വയലട. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽപ്പെട്ട പ്രദേശമാണിത്. നീലമേഘങ്ങളെ തഴുകുന്ന കുന്നുകളും താഴ് വാരങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. കോവിഡാനന്തരം പ്രാദേശിക ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ച് ടൂറിസം വകുപ്പ് നടപ്പിലാക്കിയ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ വയലടയെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്.
ഇപ്പോൾ ദിവസേന നിരവധിയാളുകളെത്തുന്ന മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വയലട. ഇവിടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വികസന പദ്ധതികൾ പൂര്‍ത്തിയായതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഫുഡ്കോര്‍ട്ട്, കോഫിഷോപ്പ്, ശുചിമുറി, ഇരിപ്പിടങ്ങള്‍, ലാന്‍റ്സ്കേപ്പിംഗ്, ഫെസിലിറ്റേഷന്‍ സെന്‍റര്‍, വ്യൂ പോയിന്‍റ് എന്നിങ്ങനെ സഞ്ചാരികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. വയലട ടൂറിസവുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കേണ്ട ചില കാര്യങ്ങൾക്കായി സംയുക്ത യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു.