ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോ കൊച്ചിയിൽ തുടങ്ങി

ബോട്ട്, മറൈൻ വ്യവസായ രംഗത്തെ വ്യാവസായിക പ്രദർശനമായ ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോയുടെ അഞ്ചാമത് എഡിഷൻ കൊച്ചി മറൈൻ ഡ്രൈവിൽ തടങ്ങി. ഗതാഗത മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. ദേശീയ ജലപാതയുടെ വികസനത്തോടുകൂടി കേരളത്തിൽ ജലഗതാഗത മേഖല വലിയ പുരോഗതി കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അന്തരീക്ഷ മലിനീകരണമില്ലാതെ അപകട ഭീഷണിയില്ലാതെ സഞ്ചാരികൾക്ക് കേരളത്തിന്‍റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ സഞ്ചരിക്കാം. ജലപാതയുടെ വശങ്ങളിൽ ബോട്ട് നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നിരവധി അവസരങ്ങൾ ലഭ്യമാകും. ഇന്ത്യയിലെ മറ്റു തീരങ്ങളിലേക്കുള്ള ക്രൂസ് ബോട്ടുകൾ ടൂറിസം രംഗത്തിന് വലിയ കുതിപ്പാകുമെന്നും മന്ത്രി പറഞ്ഞു.
 
ജനുവരി 29 വരെയാണ് ബോട്ട് ആൻഡ് മറൈൻ  ഷോ നടക്കുന്നത്. ബോട്ട്, മറൈൻ രംഗത്തെ 65 എക്സിബിറ്റർമാരും 100 സ്റ്റാളുകളുമാണ് ഷോയിലുള്ളത്. വ്യവസായ വകുപ്പ്, കെ.എം.ആർ.എൽ, കേരള ടൂറിസം, ഡി. ടി.പി.സി, കുഫോസ് തുടങ്ങിയവയുടെ പിന്തുണയോടെയാണ് പ്രദർശനം. ബോട്ട് യാഡുകൾ, ഉപകരണ നിർമ്മാതാക്കൾ തുടങ്ങിയ ചെറുകിട-ഇടത്തരം യൂണിറ്റുകളെ പങ്കെടുപ്പിച്ചുള്ള ഇൻഡസ്ട്രി പവലിയനും ഈ രംഗത്തെ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ പങ്കെടുക്കുന്ന കേരള സ്റ്റാർട്ട് അപ്പ് മിഷന്‍റെ പവിലിയനുമുണ്ട്.
 
നേവൽ ഷിപ്പ് റിപ്പയർ യാർഡ് അഡ്മിറൽ സൂപ്രണ്ട് റിയർ അഡ്മിറൽ സുബീർ മുഖർജി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡി. ഐ. ജി എൻ. രവി, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് ചെയർമാൻ അലക്സ് കെ. നൈനാൻ, അഡ്വ.വി.ജെ. മാത്യു, ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
 

Leave a Reply

Your email address will not be published. Required fields are marked *