സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സ്ക്കൂളുകളിലെത്തും

സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സ്ക്കൂളുകളിലെത്തുന്നു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ‘സയൻസ്-ഓൺ-വീൽസ്’ എന്ന പേരിൽ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. ജനുവരി 23ന് കാസർകോട് ബളാന്തോട് ജി.എച്ച്.എസ്.എസ് നിന്ന് ആരംഭിക്കുന്ന ശാസ്ത്ര പ്രദർശനം മാർച്ച് രണ്ടിന് തിരുവനന്തപുരം ജി.എച്ച്.എസ്.എസ് തോന്നയ്ക്കലിൽ സമാപിക്കും.

വിവിധ ശാസ്ത്ര പരീക്ഷണ പ്രദർശനത്തിലൂടെ കേരളത്തിലെ സ്‌കൂൾ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ശാസ്ത്രപ്രദർശനത്തിന്റെ ഭാഗമായി ‘സയൻസ്-ഓൺ-വീൽസ്’ എന്ന വാഹനം എല്ലാ ജില്ലകളിലേയും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾ സന്ദർശിച്ച് രണ്ടുദിവസം തങ്ങും. ആദ്യത്തെ ദിവസം തിരഞ്ഞെടുത്ത ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് ശാസ്ത്ര ആശയങ്ങളിലും പരീക്ഷണങ്ങളിലും പരിശീലനം നൽകും.

രണ്ടാമത്തെ ദിവസം പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ മറ്റു വിദ്യാർത്ഥികൾക്ക് ശാസ്ത്ര ആശയങ്ങൾ വിശദീകരിച്ചു കൊടുക്കും. ഓരോ ജില്ലയിലും ആതിഥേയത്വം വഹിക്കുന്ന സ്‌കൂളിലെ വിദ്യാർഥികൾക്കും സമീപത്തെ മറ്റ് സ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും പ്രദർശനം സന്ദർശിക്കാവുന്നതാണെന്ന് കൗൺസില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി.സുധീർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *