7,500 കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിച്ചു- മുഖ്യമന്ത്രി

സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് നമ്മള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടന്നു. ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ 7,500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിച്ച് 2,67,000 ത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കി.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയൊരു മുന്നേറ്റമാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ഇത്ര വലിയ വിജയമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവുമധികം സംരംഭങ്ങള്‍ ആരംഭിച്ചത് തൃശൂര്‍ ജില്ലയിലാണ്. എറണാകുളവും തിരുവനന്തപുരവും സംരംഭങ്ങളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. നാടിന്റെ പൊതുവായ വികസനം മുന്‍നിര്‍ത്തി ഈ സംരംഭക മുന്നേറ്റത്തെ ഇനിയും ശക്തിപ്പെടുത്താന്‍ കഴിയണം. അതിനായി തുടര്‍ന്നും മുഴുവന്‍ സംരംഭകരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം, ഒരു ഉത്പന്നം എന്ന ആശയം നടപ്പിലാക്കാനും അത്തരം ഉത്പന്നങ്ങളുടെ മൂല്യവര്‍ധനയെ പ്രോത്സാഹിപ്പിച്ചു കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. അതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആഴ്ചയില്‍ രണ്ടു ദിവസം ഹെല്‍പ്‌ഡെസ്‌കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും ഈ പദ്ധതിക്കായി പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

പലിശ ഇളവോടുകൂടിയുള്ള വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടപ്പാക്കിയ വായ്പാ മേളകളുടെ ഭാഗമായി ലഭിച്ച 5,556 അപേക്ഷകളില്‍ 108 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. ഇത്തരത്തില്‍ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമെ ചില പ്രത്യേക ഉത്പന്നങ്ങള്‍ക്ക് ഭൗമസൂചിക, അഥവാ ജിയോടാഗിങ്, നല്‍കുന്നതിനുള്ള നടപടികള്‍ കൂടി സ്വീകരിച്ചിട്ടുണ്ട്. സമഗ്രമായ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പ്രതീക്ഷിച്ചതിലും മുന്‍പു തന്നെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞത്.

സംരംഭക വര്‍ഷം പദ്ധതിയെ ബെസ്റ്റ് പ്രാക്ടീസ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പത്. നമ്മുടെ സംസ്ഥാനം വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ നാടല്ലെന്ന കേരളവിരുദ്ധ താത്പര്യക്കാരുടെ കുപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് സംരംഭകവര്‍ഷ പദ്ധതിയുടെ വിജയവും അതിനു ലഭിച്ച മികച്ച അംഗീകാരവും. ആ നിലയ്ക്ക് കേരളത്തിലെ സംരംഭക സൗഹൃദാന്തരീക്ഷം എത്രമാത്രം മെച്ചപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് സംരംഭക സംഗമം.- മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷതവഹിച്ചു. സ്‌കെയില്‍ അപ്പ് പദ്ധതിയുടെ സര്‍വേയും കൈപ്പുസ്തകം പ്രകാശനവും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു.

എംഎല്‍എമാരായ ആന്റണി ജോണ്‍, പി.വി. ശ്രീനിജിന്‍, കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍, ചീഫ് സെക്രട്ടറി വി.പി ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമന്‍ബില്ല, വ്യവസായ വാണിജ്യ വകുപ്പ് ഡറക്ടര്‍ എസ്.ഹരികിഷോര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ കെ.സുധീര്‍, പി.എസ് സുരേഷ്‌കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം എറണാകുളം ജനറല്‍ മാനേജര്‍ പി.എ നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *