എഴുത്തച്ഛന്‍ പുരസ്‌ക്കാരം മുഖ്യമന്ത്രി സേതുവിന് സമ്മാനിച്ചു
വ്യക്തികളുടെയും സമൂഹത്തിന്റെയും ധര്‍മ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്ന കൃതികളാണു സേതുവിന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് സേതുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌ക്കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം-2022 സേതുവിന് നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിരാതം, നനഞ്ഞ മണ്ണ്, പാണ്ഡവപുരം, അറിയാത്ത വഴികള്‍, നിയോഗം, കൈമുദ്രകള്‍, അടയാളങ്ങള്‍ തുടങ്ങിയ കൃതികളിലൊക്കെ വ്യക്തിമനസും സമൂഹമനസും പ്രതിഫലിച്ചു നില്‍ക്കുന്നു. ഇതിഹാസ മാനങ്ങളുള്ള കൃതിയായി പാണ്ഡവപുരം വിലയിരുത്തപ്പെടുന്നു. സമൂഹത്തെ കടഞ്ഞെടുത്ത കഥാപാത്രങ്ങളാണു സേതുവിന്റെ കൃതികളിലുള്ളത്. ഒപ്പം കാലത്തിന്റെ പ്രതിഫലനം കൊണ്ടും അവ ശ്രദ്ധേയമാകുന്നു.
താന്‍ ജനിച്ച ചേന്ദമംഗലത്തെ ജൂതസമൂഹത്തിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ‘മറുപിറവി’ സേതുവിന്റെ കൃതികളില്‍ വേറിട്ട സംസ്‌കാരത്തിന്റെകൂടി സാന്നിധ്യത്താല്‍ ശ്രദ്ധേയമാണ്. പഴയകാല നോവലുകളിലെ സ്ത്രീകഥാപാത്രങ്ങളെ പുനര്‍സൃഷ്ടിക്കുന്ന ‘പെണ്ണകങ്ങള്‍’ അടക്കമുള്ള ഓരോ നോവലും വ്യത്യസ്ത സമീപന രീതികൊണ്ടും ആവിഷ്‌കാരം കൊണ്ടും ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളി ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തെ തന്റെ നോവലുകളിലൂടെ സേതു അടയാളപ്പെടുത്തുന്നു. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതം സര്‍ഗ്ഗാത്മക ജീവിതത്തിനു തടസമാകുന്നില്ലെന്ന് സ്വന്തം എഴുത്തിലൂടെ സ്ഥിരീകരിച്ച അപൂര്‍വ്വംപേരേയുള്ളൂ. അവര്‍ക്കിടയിലാണു സേതുവിന്റെ സ്ഥാനം. എഴുത്തച്ഛന്‍ പുരസ്‌ക്കാരം അദ്ദേഹത്തിന് ഒരേസമയം അംഗീകാരവും പ്രചോദനവുമാകട്ടെയെന്നും തുടര്‍ സംഭാവനകള്‍ക്കുള്ള ഊര്‍ജ്ജം ലഭിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ് പ്രശസ്തിപത്രം വായിച്ചു. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു