1600 കോടിയുടെ ടെക്നോപാർക്ക് ​ക്വാഡ് പദ്ധതിക്ക് അംഗീകാരം

ടെക്നോപാർക്കിൻ്റെ നാലാംഘട്ട ക്യാമ്പസിൽ ടെക്നോപാർക്ക് നടപ്പാക്കുന്ന ‘ക്വാഡ് ‘ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നൽകി. ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന ഒരേ കാമ്പസിൽ ജോലി, ഷോപ്പിംഗ് സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയോടെയുള്ള സംയോജിത മിനി ടൗൺഷിപ്പ് പദ്ധതിയാണ് ക്വാഡ്.

ഏകദേശം 30 ഏക്കറിൽ 1600 കോടി രൂപ മുതൽമുടക്കിൽ പദ്ധതി പൂർത്തിയാകുമ്പോൾ 40 ലക്ഷം ചതുരശ്ര അടി ബിൽറ്റ്- അപ്പ് സ്പെയ്സ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. 5.5 ഏക്കറിൽ ഏകദേശം 381 കോടി രൂപ മുതൽ മുടക്കിൽ 8.50 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഐ.ടി ഓഫീസ് കെട്ടിടം ടെക്നോപാർക്ക് നിർമ്മിക്കും.

ടെക്നോപാർക്കിന്റെ തനത് ഫണ്ട് ഉപയോഗിച്ചോ വായ്പ എടുത്തോ പൂർണ്ണമായും വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിനും നൽകും. 6000 ഐ.ടി പ്രഫഷണലുകളെ ഉൾക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.60 ഏക്കറിൽ 350 കോടി രൂപ ചെലവിൽ ഒമ്പത് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മിക്സഡ് യൂസ് വാണിജ്യ സൗകര്യം ഏർപ്പെടുത്തും.

4.50 ഏക്കറിൽ 400 കോടി രൂപ മുതൽമുടക്കിൽ ഐ.ടി കോ ഡെവലപ്പർ വികസിപ്പിക്കുന്ന എട്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഐടി/ ഓഫീസ് സമുച്ചയം നിർമ്മിക്കും. 6000 ഐ.ടി പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകാനാകും. 10.60 ഏക്കറിൽ 450 കോടി രൂപ മുതൽ മുടക്കിൽ 14 ലക്ഷം ചതുരശ്ര അടിവിസ്തീർണ്ണമുള്ള റസിഡൻഷ്യൽ കോംപ്ലക്സും ഉണ്ടാകും.

വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പരിശോധിക്കാൻ ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി കൺവീനറും ധനകാര്യം, റവന്യൂ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണം അഡീഷണൽ ചീഫ് സെക്രട്ടറിമാർ, നിയമ വകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളായുളള കമ്മിറ്റി രൂപീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *