തെങ്കുറിശ്ശിക്കാർക്ക് ഇനി യന്ത്രം കുടിവെള്ളം നൽകും

ദാഹിച്ച് വലഞ്ഞു വരുന്നവർക്ക് യന്ത്രം ഇനി ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം നൽകും. പാലക്കാട് തെങ്കുറിശ്ശിയിലാണ് വാട്ടര്‍ എ.ടി.എം പദ്ധതി തുടങ്ങിയത്. പദ്ധതി തദ്ദേശ സ്വയംഭരണ – എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഒരു രൂപ നാണയമിട്ടാല്‍ ഒരു ലിറ്റര്‍ വെള്ളവും അഞ്ച് രൂപയുടെ നാണയമിട്ടാല്‍ അഞ്ച് ലിറ്റര്‍ വെള്ളവും വാട്ടര്‍ എ.ടി.എമിലൂടെ ലഭിക്കും.

ഗ്രാമപഞ്ചായത്ത് 4.75 ലക്ഷം വിനിയോഗിച്ച് നടപ്പിലാക്കുന്ന വാട്ടര്‍ കിയോസ്‌ക് പദ്ധതിയിലൂടെയാണ് വെള്ളം വിതരണം നടക്കുന്നത്. കുഴല്‍ക്കിണറില്‍ നിന്ന് ഫില്‍റ്റര്‍ ചെയ്ത പ്യൂരിഫൈഡ് വാട്ടര്‍ ആണ് നല്‍കുന്നത്. ഒരു മണിക്കൂറില്‍ 500 ലിറ്റര്‍ ശേഷിയുളള ടാങ്കിലേക്കാണ് വെള്ളം സംഭരിക്കുന്നത്. വെള്ളം കഴിയുന്നതനുസരിച്ച് സംഭരിക്കും. ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്താണ് തേങ്കുറിശ്ശി.

പദ്ധതി മുഴുവന്‍ വാര്‍ഡുകളിലും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഗ്രാമപഞ്ചായത്ത്. പരിപാടിയില്‍ ഹരിതസേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണവും സംസ്ഥാന കായികമേളയില്‍ മൂന്ന് സ്വര്‍ണ്ണം കരസ്ഥമാക്കിയ തേങ്കുറിശ്ശി സ്വദേശിനിയായ നിവേദ്യയ്ക്ക് ഉപഹാരം നല്‍കലും മന്ത്രി നിര്‍വ്വഹിച്ചു. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ഭാര്‍ഗവന്‍, സെക്രട്ടറി കെ. കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *