തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഫീഡർ സർവ്വീസ് തുടങ്ങി
തിരുവനന്തപുരം നഗരത്തിലെ റസിഡൻഷ്യൽ മേഖലകളിൽ നിന്ന് പ്രധാന റോഡുകളിലേക്കും ബസ് സ്റ്റോപ്പുകളിലേക്കും കെഎസ്ആർടിസി ഫീഡർ സർവ്വീസ് തുടങ്ങി. മണ്ണന്തല – കുടപ്പനക്കുന്ന് – എകെജി നഗർ – പേരൂർക്കട – ഇന്ദിരാ നഗർ – മണികണ്ഠേശ്വരം – നെട്ടയം – വട്ടിയൂർക്കാവ് – തിട്ടമംഗലം – കുണ്ടമൺ കടവ് – വലിയവിള – തിരുമല റൂട്ടിലാണ് ആദ്യ ഫീഡർ സർവ്വീസ് നടത്തുന്നത്.
എം.സി റോഡ്, തിരുവനന്തപുരം – നെടുമങ്ങാട് റോഡ്, വട്ടിയൂർക്കാവ് – കിഴക്കേകോട്ട റോഡ്, തിരുവനന്തപുരം – കാട്ടാക്കട റോഡ് എന്നീ പ്രധാന നാല് റോഡുകളെ ബന്ധിപ്പിച്ചാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നാല് പ്രധാന റോഡുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ ഫീഡർ സർവ്വീസ്. ഇടറോഡുകളിൽ നിന്ന് യാത്രക്കാരെ മെയിൻ റോഡുകളിലേയ്ക്ക് എത്തിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫീഡർ സർവ്വീസിൽ കണ്ടക്ടർ ഉണ്ടാവില്ല. ട്രാവൽ കാർഡുപയോഗിച്ചു മാത്രമേ ഇതിൽ യാത്ര ചെയ്യാനാകൂ. 100 രൂപ മുതൽ 2000 രൂപ വരെയുള്ള ട്രാവൽ കാർഡുകൾ ബസ്സുകളിൽ നിന്നും കെ.എസ്.ആർ.ടി.സി. ഓഫീസുകളിൽ നിന്നും വാങ്ങുന്നതിനും റീചാർജ്ജ് ചെയ്യുന്നതിനും സൗകര്യമുണ്ട്. 250 രൂപയ്ക്കു മുകളിൽ റീചാർജ്ജ് ചെയ്യുമ്പോൾ 10 ശതമാനത്തിലധികം ലഭിക്കുകയും ചെയ്യും.
സിറ്റി സർക്കുലർ, സിറ്റി റേഡിയൽ, സിറ്റി ഷട്ടിൽ ബസ്സുകളിലും ട്രാവൽ കാർഡ് ഉപയോഗിക്കാനാകും. ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് മണികണ്ഠേശ്വരത്ത് നടന്ന ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ, കെ.എസ്.ആർ.ടി.സി സി.എം.ഡി. ബിജു പ്രഭാകർ തുടങ്ങിയവർ സംബന്ധിച്ചു.