ആഫ്രിക്കന്‍ പന്നിപ്പനി: 491 പന്നികളെ കൊന്ന് സംസ്‌ക്കരിച്ചു

ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന് കാസർകോട് മഞ്ചേശ്വരത്ത് 491
പന്നികളെ ദയാവധം നടത്തി ശാസ്‌ത്രീയമായി സംസ്‌ക്കരിച്ചു. മഞ്ചേശ്വരം താലൂക്കിൽ എന്‍മകജെ ഗ്രാമപഞ്ചായത്തിലെ കാട്ടുകുക്കെ വില്ലേജിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ ദയാവധം നടത്തിയത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ  ദ്രുത കര്‍മ സേനയാണ് ഇതിന് നേതൃത്വം നല്‍കിയത്.

പ്രത്യേകം പരിശീലനം ലഭിച്ച മൃഗസംരക്ഷണ വകുപ്പ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പന്നികളെ ദയാവധം നടത്തിയത്. പന്നികളുടെ കൂടും പരിസരവും അഗ്‌നി രക്ഷാ സേന അണുവിമുക്തമാക്കി. മൃഗ സംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ജില്ലാ ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി സുരേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി.എം.സുനില്‍, ചീഫ് വെറ്റിറിനറി ഓഫീസര്‍ ഡോ.ജയപ്രകാശ്, ആര്‍ ആര്‍ ടീം ലീഡര്‍ ഡോ.വി.വി.പ്രദീപ് കുമാര്‍, പി. ആര്‍. ഒ. ഡോ.എ മുരളീധരന്‍, എ.ഡി.സി. കോ- ഓഡിനേറ്റര്‍ ഡോ.എസ്.മഞ്ജു, ഡോ.ബാലചന്ദ്ര റാവു, ഡോ.ജി.കെ.മഹേഷ്, ഡോ.ബിജിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് ദയാവധം നടത്തി സംസ്‌ക്കരിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് കാട്ടുകുക്കെ വില്ലേജിലെ ദേവി മൂലയിലെ മനു സെബാസ്റ്റ്യന്റെ ഫാമില്‍ പന്നികള്‍ കൂട്ടമായി ചത്തത്. തുടര്‍ന്ന് പെര്‍ള മൃഗാശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈസെക്യുരിറ്റി ലാബിലേക്ക് അയച്ചിരുന്നു. ഇവിടെ നിന്നാണ് സാമ്പിളുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫാമിലുള്ള മുഴുവന്‍ പന്നികളെയും ദയാവധം നടത്തി സംസ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

പന്നികളില്‍ അതിവേഗം പകരുന്നതും ചികിത്സയില്ലാത്തതുമായ ഈ രോഗം നിയന്ത്രിക്കാന്‍ പന്നികളുടെ ദയാവധവും ശാസ്‌ത്രീയമായ സംസ്‌കരണവും നാഷണല്‍ ആക് ഷൻ പ്ലാന്‍ പ്രകാരമാണ് നടത്തിയത്. കാസർകോട് ജില്ലയില്‍ ആദ്യമായാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്.
റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനും ഉന്മുലനപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കും ഒഴിച്ച് മറ്റാര്‍ക്കും ഫാമിനും പരിസരപ്രദേശത്തേക്കും പ്രവേശനമില്ലയിരുന്നു. മനുഷ്യരിലേക്കും മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കും ഇത് പകരില്ലെങ്കിലും വാഹകരാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി.

വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. നേരിട്ടുള്ള സംസര്‍ഗ്ഗം വഴിയോ അല്ലാതെയോ ഈ രോഗം പകരാം. കാട്ടുകുക്കെയിലെ രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നി കശാപ്പും ഇറച്ചിവില്‍പ്പന മൂന്നു മാസത്തേക്ക് നിരോധിച്ചു.

രോഗപ്രഭവ കേന്ദ്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കോ ഇവിടെ നിന്നും പുറത്തേക്കോ പന്നികള്‍, പന്നി മാംസം, പന്നി മാംസ ഉല്‍പ്പനങ്ങള്‍, പന്നികളുടെ കാഷ്ടം എന്നിവ കൊണ്ടു പോകുന്നില്ലെന്ന് വാഹന പരിശോധനയിലൂടെ പോലീസും ചെക്പോസ്റ്റ് കടന്നു വരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും ഉറപ്പു വരുത്തും. ഫോട്ടോ: പന്നികളെ ദയാവധം നടത്തി സംസ്ക്കരിച്ച ടാസ്ക്ക് ഫോഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *