70,000 ചതുരശ്ര അടിയില്‍ പൂക്കൾ; കൊച്ചിന് ഫ്ലവർ ഷോ തുടങ്ങി
രാവിലെ 9 മുതല്‍ രാത്രി 9 വരെ പ്രവേശനം
കൊച്ചിന് ഫ്ലവർ ഷോയ്ക്ക് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ തുടക്കമായി.
70,000 ചതുരശ്ര അടിവിസ്തീര്‍ണ്ണത്തിലാണ് പൂക്കളുടെ
പ്രദര്‍ശനം. അഞ്ഞൂറിലേറെ വിഭാഗങ്ങളില്‍ നിന്നായി അമ്പതിനായിരത്തോളം പുഷ്പങ്ങളും ചെടികളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. 40 വിഭാഗങ്ങളിലായി രണ്ടായിരത്തോളം ഓര്‍ക്കിഡ് ചെടികളും ഒട്ടനവധി കാര്‍ഷിക ചെടികളുമുണ്ട്.
സൂര്യകാന്തി. ആമ്പല്‍, ഫ്ളോട്ടിങ് ഗാര്ഡന്, ലാംപ് ടെറേറിയം, ടോപിയറി, അഞ്ഞൂറോളം പോയിന്‍സെറ്റിന്‍ പുഷ്പങ്ങള്‍ എന്നിവയാണ് ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. അയ്യായിരം ചതുരശ്ര അടിയിലാണ് തീം അടിസ്ഥാനമാക്കിയുള്ള ഫ്ലവർ അറേഞ്ച്മെന്റ്സ്, 20 അടി വലിപ്പമുള്ള വെജിറ്റബിള്‍ കാര്‍വിങ്സ് തുടങ്ങിയവയും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കൂടാതെ കയര്‍ ബോര്‍ഡ്, കോക്കനട്ട് ഡെവലപ്പ്മെന്റ് ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ട്.
10 ഫോട്ടോ പോയിന്റുകള്‍, മേക്കാവു ഇനങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി ഗെയിം സോണ്‍, സെല്‍ഫി മത്സരങ്ങള്‍, ഇരുപതോളം നഴ്സറികള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കുന്ന ഇന്‍ഡോര്‍ പ്ലാന്റ്സ് ശേഖരം, ഫ്ലവർ അറേഞ്ച്മെന്റ്സ് പരിശീലനം, വെജിറ്റബിള്‍ കാര്‍വിങ് പരിശീലനം എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 22 വരെയുള്ള ഫ്ലവർ ഷോയില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും, 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്. സ്കൂള്‍ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും.
ഫ്ലവർ ഷോ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന് എം.പി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ പത്മജ എസ്. മേനോന്, എറണാകുളം ജില്ലാ അഗ്രി- ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് അഡ്വ.കെ.ഐ. അബ്ദുള്‍ റഷീദ്, ജില്ലാ അഗ്രി- ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ടി.എന്‍. സുരേഷ് തുടങ്ങിയര്‍ സംസാരിച്ചു.