കാസർകോട് ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യ ആൻജിയോപ്ലാസ്റ്റി

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി നടത്തി. ഹൃദയാഘാതത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ അറുപത് വയസുകാരനാണ് ആൻജിയോ പ്ലാസ്റ്റിയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ടീമിനെ അരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കാസര്‍കോട്‌ ജില്ലയുടെ പുരോഗതിക്കായി സർക്കാർ വലിയ പരിശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. എട്ട് കോടി രൂപ ചെലവഴിച്ചാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സജ്ജമാക്കിയത്. സങ്കീർണ്ണമായ ഹൃദയ ചികിത്സകൾക്ക് ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും ആശുപത്രികളെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്.

നിലവിൽ കാത്ത് ലാബ് സി.സി.യു.വിൽ ഏഴ് കിടക്കകളാണുള്ളത്. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐ.സി.ഡി സംവിധാനം തുടങ്ങി. ചെലവേറിയ ചികിത്സകൾ സാധാരണക്കാർക്കും ലഭിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *