വേദിയിൽ സംഘനൃത്തം: ജനസാഗരമായി സ്ക്കൂൾ കലോത്സവം
സ്ക്കൂൾ കലോത്സവത്തിൽ വെള്ളിയാഴ്ച വൈകുന്നേരംഹൈസ്‌ക്കുള്‍ വിഭാഗം സംഘനൃത്തം നടക്കുമ്പോൾ കലോത്സവ വേദിയിൽ ജനസാഗരം. സന്ധ്യയായതോടെ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലെ ‘അതിരാണിപ്പാടം’ വേദി നിറഞ്ഞു കവിഞ്ഞു. കലോത്സവത്തിൻ്റെ അവസാന രാത്രിയായതുകൊണ്ടുതന്നെ ഉൾനാടുകളിൽ നിന്നു പോലും ജനങ്ങൾ ഒഴുകിയെത്തി.
അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം കോഴിക്കോട്ടെ ജനങ്ങൾ ഹൃദയത്തിലേറ്റിയ മേളയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലാമത്സരങ്ങള്‍ കാണാൻ
അഭൂതപൂർവ്വമായ തിരക്കാണ് ഓരോ വേദിയിലും അനുഭവപ്പെടുന്നത്.
കോഴിക്കോടിന്‍റെ മുഴുവന്‍ സ്നേഹവും ആതിഥ്യവും മേളയില്‍ പ്രകടമാണെന്നും മന്ത്രിമാർ പറഞ്ഞു.
കലോത്സവം സമയത്ത് ആരംഭിക്കാനും അവസാനിപ്പിക്കാനും സാധിക്കുന്നതായും ഇതുവരെ 151 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എല്ലാ വേദികളിലും ആവശ്യത്തിനുളള കുടിവെളളവും വൈദ്യസഹായവും ഭക്ഷണ പന്തല്‍ ഉള്‍പ്പെടെയുളള വേദികളെ ബന്ധിപ്പിച്ചു കൊണ്ടുളള വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കലോത്സവത്തിൻ്റെ ആദ്യ ദിനം 2309 കുട്ടികളും രണ്ടാം ദിനം 2590 കുട്ടികളും മൂന്നാം ദിനം 2849 കുട്ടികളുമാണ് പങ്കെടുത്തത്. നാലാം ദിനത്തിൽ 2161 കുട്ടികളും സമാപന ദിവസത്തിൽ 499 കുട്ടികളും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതുവരെ 301 ലോവര്‍ അപ്പീലുകളാണ് ലഭിച്ചത്.
ഡി.ഡി.ഇ മുഖേന 222, ഹൈക്കോടതി മുഖേന ഏഴ്, ജില്ലാ കോടതി 23, മുന്‍സിഫ് കോടതികള്‍ 48, ലോകായുക്ത മുഖേന ഒരു അപ്പീൽ എന്നിങ്ങനെയാണ് ലഭിച്ചത്. ഹയര്‍ അപ്പീലില്‍ ലഭിച്ച 93 അപേക്ഷകളിൽ 63 എണ്ണത്തിന്‍റെ ഹിയറിംഗ് പൂർത്തിയായതായും മന്ത്രി പറഞ്ഞു.
കലോത്സവത്തിന് എത്തുന്നവർക്കായി വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്നത്. മൂന്നുനേരങ്ങളിലായി ആദ്യദിനം 30,000 ആളുകള്‍ക്കും രണ്ടാം ദിനം 40,000 ആളുകള്‍ക്കും മൂന്നാം ദിനമായ ഇന്ന് 30,000 ആളുകള്‍ക്കും ഭക്ഷണം നല്‍കിയിട്ടുണ്ട്.
കലോത്സവത്തോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍ മൂന്നു മുതൽ ആറുവരെ നടക്കുന്ന സാംസ്ക്കാരിക സായാഹ്നം പ്രമുഖ സാഹിത്യകാരന്‍ എം.മുകുന്ദനാണ് ഉദ്ഘാടനം ചെയ്തത്. സാംസ്ക്കാരിക സായാഹ്നത്തില്‍ കൈതപ്രം ദാമോദരൻ നമ്പൂതിരി, സുനില്‍ പി.ഇളയിടം, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖർ സംബന്ധിക്കുന്നതായും കലാപരിപാടികള്‍ അരങ്ങേറുന്നതായും മന്ത്രി പറഞ്ഞു. അതിരാണിപ്പാടം വേദിയിലെ ആസ്വാദകർ. ഫോട്ടോ : വേണു അച്ച്യുത്കുമാർ