അഡ്വഞ്ചർ ടൂറിസവുമായി ആലപ്പുഴയിൽ സീവ്യൂ പാർക്ക്
കോവിഡ് മഹാമാരിയുണ്ടാക്കിയ നടുക്കത്തിൽ നിന്നും ടൂറിസം മേഖല തിരിച്ചു വരികയാണെന്നും കേരളത്തിന്റെ ഭാവി ടൂറിസമാണെന്ന് പ്രഖ്യാപിച്ച വർഷമാണ് 2022 എന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആലപ്പുഴ ബീച്ചിന് സമീപമുള്ള സീവ്യൂ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളെ അപേക്ഷിച്ച് 2022ൽ ആഭ്യന്തര- വിനോദ സഞ്ചാരികളുടെ എണ്ണം ഒന്നര കോടിയിലെത്തും. ടൂറിസം മേഖലയിൽ വൈവിധ്യമൊരുക്കാൻ വിവിധ മേഖലകളിലുള്ളവരുമായി ചർച്ച ചെയ്ത് ക്രിയാത്മക ആശയങ്ങൾ സർക്കാർ സ്വീകരിക്കുകയാണ്. ടൈം മാഗസിൻ ലോകത്തിൽ സന്ദർശിക്കേണ്ട പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തതും ടൂറിസം രംഗത്തിനുള്ള അംഗീകാരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിനകത്തും പുറത്തും സമാനമായ ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ ഏജ്ലെസ് കമ്പനിയാണ് സീവ്യൂ അഡ്വഞ്ചർ ടൂറിസം പാർക്കിന്റെ സംരംഭകർ. ഏറെ ആകർഷകമായ വിവിധതരം അഡ്വഞ്ചർ ടൂറിസം സംവിധാനങ്ങളും ബോട്ടിംഗ് സംവിധാനങ്ങളും ഇവിടെയുണ്ട്. സിപ്പ് ലൈൻ, റോപ്പ് റൈഡർ, റോപ്പ്
സൈക്കിൾ, കാർണിവൽ ഗെയിമുകൾ, ഹാൻഡ് പെഡൽ ബോട്ടുകൾ, ലെഗ് പെഡൽ ബോട്ട്, വാട്ടർ റോളർ, കയാക്കിങ്, റോപ്പ് റൈഡർ, ഫ്‌ളോട്ടിങ് ബ്രിഡ്ജ്, ലേസർ ഷോ, ഫ്‌ളോട്ടിംഗ് ഷോപ്പുകൾ, ലഘുഭക്ഷണ ശാലകൾ എന്നിവയടക്കം സജ്ജമാക്കുന്ന പദ്ധതിയിൽ കുട്ടികൾക്കുൾപ്പെടെ മതിയായ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും.
ആലപ്പുഴ കായൽ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് ബീച്ച് ടൂറിസവും ഏറെ ആസ്വാദ്യകരമാക്കുന്ന അഡ്വഞ്ചർ പാർക്കിന്റെ ആദ്യ ഘട്ട ഒരുക്കങ്ങൾക്കായി 2.5 കോടി രൂപയാണ് ചെലവഴിക്കുന്നത്. യോഗത്തിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി, പി.പി ചിത്തരഞ്ജൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ജില്ല കളക്ടർ വി.ആർ കൃഷ്ണ തേജ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രാധാകൃഷ്ണ പിള്ള എന്നിവർ സന്നിഹിതരായി.