വ്യവസായ സംരംഭങ്ങൾ സന്ദർശിച്ച് മന്ത്രി പി. രാജീവ്

കോഴിക്കോട്ടെ വ്യവസായ സംരംഭങ്ങൾ വ്യവസായ മന്ത്രി രാജീവ് സന്ദർശിച്ചു. ‘ഒരു വർഷം ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് ജില്ലയിൽ ആരംഭിച്ച വിവിധ യൂണിറ്റുകളാണ് മന്ത്രി സന്ദർശിച്ചത്. നടുവണ്ണൂർ മന്ദങ്കാവിൽ പ്രവർത്തിക്കുന്ന എസ്.എ. ഇസെഡ് ക്ലോത്തിങ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്രത്തിലെത്തിയ മന്ത്രി സ്ഥാപനത്തിലൂടെ പ്രദേശത്തുള്ള നിരവധി വനിതകൾക്ക് ജോലി നൽകിയതിനെ അഭിനന്ദിച്ചു. സർക്കാരിന്റെ പൂർണ്ണ പിന്തുണ സ്ഥാപനത്തിന് വാഗ്ദാനം ചെയ്താണ് മന്ത്രി മടങ്ങിയത്.

യൂണിറ്റ് സന്ദർശനത്തിന് പുറമേ ഉത്പന്നങ്ങളും മന്ത്രി നോക്കിക്കണ്ടു.
അഞ്ച് മാസം മുമ്പാണ് യുവസംരംഭകനായ ഷാനവാസ്‌ മന്ദങ്കാവിൽ യൂണിറ്റ് ആരംഭിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ വസ്ത്രങ്ങളാണ് യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നത്. കുറ്റ്യാടി കടേക്കച്ചാലിൽ പ്രവർത്തിക്കുന്ന അൽഡിൻ കോക്കനട്ട് ഓയിൽ

മില്ലിലെത്തിയ മന്ത്രി (എഫ്.കെ.സി കോക്കനട്ട് ഓയിൽ) മില്ലുടമ കെ.സി ഫൈസലുമായി കൂടിക്കാഴ്ച്ച നടത്തി. മില്ലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ മന്ത്രി വ്യവസായ വകുപ്പിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അറിയിച്ചു.

പേരാമ്പ്രയിലെ കിവീസ് ടവറിൽ പ്രവർത്തിക്കുന്ന ഐ.ടി സ്റ്റാർട്ടപ്പ് കമ്പനിയായ ഫ്രൂഗൽ സയന്റിഫിക് വ്യവസായ കേന്ദ്രത്തിലും മന്ത്രി സന്ദർശനം നടത്തി. സ്റ്റാർട്ടപ്പ് സംരംഭകൻ കിരണിനോട് പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. പേരാമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ പ്രമോദ്, വൈസ് പ്രസിഡന്റ്‌ കെ.എം. റീന, വാർഡ് മെമ്പർ സജു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.

കാരപ്പറമ്പിൽ പ്രവർത്തിക്കുന്ന ‘രമ്യ ഫുഡ്‌സ്’ സ്ഥാപനവും മന്ത്രി സന്ദർശിച്ചു. യുവ സംരംഭക ധന്യയുടെ ഉടമസ്ഥതയിൽ മലബാർ കായവും കായപ്പൊടിയുമാണ് നിർമ്മിക്കുന്നത്. രമ്യയുടെ കൂടെ നാലു വനിതാ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. കായം നിർമ്മാണവും വിതരണവും വിപണിയെക്കുറിച്ചും മന്ത്രി ചോദിച്ചു മനസ്സിലാക്കി. നിർമ്മാണ ഉപകരണങ്ങൾ, സ്റ്റീൽ, ഗെയിറ്റ് തുടങ്ങിയവ നിർമ്മിക്കുന്ന
ലോഹം ഇൻഡ് യൂണിറ്റും മന്ത്രി സന്ദർശിച്ചു. വെങ്ങാലി പാലത്തിന് സമീപം ഒരു വർഷം മുമ്പായിരുന്നു വിമൽ രഘുനാഥിൻ്റെ ഉടമസ്ഥതയിൽ ലോഹം ഇൻഡ് പ്രവർത്തനമാരംഭിച്ചത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു.പി. എബ്രഹാം, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ ആനന്ദകുമാർ, കെ.ടി.ഗിരീഷ്, സലീന, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർമാരായ പ്രണവൻ വി.പി, നിധിൻ.കെ, ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സിജിത് തുടങ്ങിയവർ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *