ആശങ്കയും ആത്മവിശ്വാസവും പകർന്ന് സുനാമി മോക്ക് ഡ്രിൽ
നിനച്ചിരിക്കാതെ സുനാമി മുന്നറിയിപ്പ് സന്ദേശം വന്നപ്പോൾ തീരദേശം ആദ്യം ഒന്ന് പകച്ചു. പിന്നീട് തീരം ശാന്തമായി. ദുരന്തങ്ങൾ നേരിടുന്നതിനുള്ള ആശയ വിനിമയത്തിന്റെ കൃത്യത ഉറപ്പാക്കാൻ
തൃശ്ശൂര്‍ എറിയാട് ഗ്രാമപഞ്ചായത്തിലെ പുതുറോഡ് അറപ്പത്തോടിൽ സംഘടിപ്പിച്ച ദുരന്ത പ്രതിരോധ പരിശീലനമാണ് ആദ്യ ആശങ്കയും പിന്നീട് കൗതുകവും പകർന്നത്.
ജില്ലയിൽ സുനാമി മുന്നറിയിപ്പ് ഉണ്ടാകുന്ന ഘട്ടത്തിൽ എങ്ങനെയെല്ലാമാണ് ആശയ വിനിമയം സാധ്യമാകുക എന്നതാണ് മോക്ഡ്രില്ലിലൂടെ പരിശോധിച്ചത്. കേരളത്തിലെ തീരപ്രദേശങ്ങളിൽ 2004 ൽ നാശം വിതച്ച സുനാമിക്ക് 18 വർഷം തികയുന്ന വേളയിൽ ദുരന്തങ്ങളെ നേരിടാൻ തീരത്തെ സജ്ജമാക്കുകയാണ് പരിശീലനത്തിലൂടെ ഉദ്ദേശിച്ചത്.
വൈകിട്ട് അഞ്ച് മണിയോടെ ലഭിച്ച സുനാമി മുന്നറിയിപ്പ് സന്ദേശത്തോടെയാണ് മോക‌്ഡ്രിൽ ആരംഭിച്ചത‌്. അറപ്പത്തോടിൽ എല്ലാ സന്നാഹങ്ങളുമായി പുറപ്പെട്ട വാഹനങ്ങൾ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽ ചെന്ന് മുന്നറിയിപ്പ് നൽകി അവരെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട മോക്ക്ഡ്രില്ലിൽ ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കുന്നതും മാറ്റിപ്പാർപ്പിക്കുന്നതും പ്രാഥമിക ചികിത്സ നൽകുന്നതും ഗുരുതരമായ അപകടം വന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുമെല്ലാം കൃത്യതയോടെ ദുരന്തനിവാരണ സേന അവതരിപ്പിച്ചു.
ദുരന്തത്തിന്റെ തീവ്രത എന്താണെന്നും അടിയന്തര ഘട്ടങ്ങളിൽ ധൈര്യത്തോടെ എങ്ങനെ പ്രവർത്തിക്കണമെന്നും ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാനാണ് മോക്ഡ്രില്ലിലൂടെ ലക്ഷ്യമിട്ടത്. പൊലീസ്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, മെഡിക്കൽ ടീം, സീ റിസ്ക്യൂ സ്ക്വാഡ്, കോസ്റ്റൽ പൊലീസ് മത്സ്യത്തൊഴിലാളികൾ, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് രക്ഷാദൗത്യം നടത്തിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇൻകോയിസ് എന്നിവയുടെ സഹകരണത്തോടെയാണ് സുനാമി മോക്ക്ഡ്രിൽ അവതരിപ്പിച്ചത്.
സുനാമി അടിയന്തര സാഹചര്യങ്ങളില്‍ ജീവന്റെയും സ്വത്തിന്റെയും നാശനഷ്ടങ്ങള്‍ കുറയ്ക്കുക, സമൂഹത്തിന്റെ തയ്യാറെടുപ്പ് കെട്ടിപ്പടുക്കുന്നതില്‍ ഘടനാപരവും വ്യവസ്ഥാപിതവുമായ സമീപനം ഉറപ്പാക്കുക എന്നിവയാണ് സുനാമി റെഡി പ്രോഗ്രാമിന്റെ ലക്ഷ്യം. പ്രോഗ്രാമിന്റെ ആരംഭഘട്ടം എന്ന നിലയിലാണ് മോക്ഡ്രില്ലോടുകൂടി ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തിയത്. ജില്ലാ കളക്ടർ ഹരിത വി. കുമാർ, ഡെപ്യൂട്ടി കളക്ടർ കെ. എസ്. പരീത്, കൊടുങ്ങല്ലൂർ താലൂക്ക് തഹസിൽദാർ പി.രേവ, കോസ്റ്റൽ പൊലീസ് സി.ഐ. ബിനു, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.