114 ടൺ പൊക്കാളി നെല്ല് വിളയിച്ച്‌ ഞാറക്കൽ

നാടുനീങ്ങുന്ന പരമ്പരാഗത പൊക്കാളി കൃഷി തിരിച്ചുപിടിച്ച് എറണാകുളം ജില്ലയിലെ ഞാറക്കൽ കൃഷി ബ്ലോക്ക്. ഇത്തവണ ഇവിടെ 126 ഹെക്ടറിലാണ് പൊക്കാളി കൃഷിയിറക്കിയത്. ആകെ 114 ടൺ പൊക്കാളി നെല്ല് ഉല്പാദിപ്പിക്കാൻ ഇതുവഴി സാധിച്ചു. 52 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്. കുഴുപ്പിള്ളി പഞ്ചായത്തിൽ 50 ഹെക്ടർ, നായരമ്പലം പഞ്ചായത്തിൽ 35 ഹെക്ടർ, എടവനക്കാട് പഞ്ചായത്തിൽ 26 ഹെക്ടർ, പള്ളിപ്പുറം 10 ഹെക്ടർ, ഞാറക്കൽ അഞ്ചു ഹെക്ടർ എന്നിങ്ങനെയാണ് കൃഷി ഇറക്കിയത്.

ഉല്പാദന ചെലവ് കൂടുതലും ഉല്പാദന ക്ഷമത കുറവുമുള്ള പൊക്കാളി കൃഷിക്ക് 113 ലക്ഷം രൂപയാണ് ചെലവായത്. ഗ്രാമ പഞ്ചായത്തുകൾ 15 ലക്ഷം രൂപയും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 9.98 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 9.45 ലക്ഷം രൂപയും പൊക്കാളി കൃഷിക്ക് ധനസഹായം നൽകി.

ആലുവ സ്റ്റേറ്റ് സീഡ് ഫാമിനെ രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയി പ്രഖ്യാപിച്ച ചടങ്ങിൽ വൈപ്പിൻ കരയുടെ സ്വന്തം പൊക്കാളി നെല്ലിന്റെ മൂല്യവർധിത ഉല്പന്നങ്ങളുടെ വില്പന നടത്തിയിരുന്നു. 80 ശതമാനം തവിടോട് കൂടിയ അരി, പുട്ട് പൊടി, അവൽ എന്നിവയുടെ പ്രദർശന വിൽപ്പനയാണ് ഞാറക്കൽ ബ്ലോക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി.വി സൂസമ്മയുടെ നേതൃത്വത്തിലാണ് ഞാറക്കൽ കൃഷി ബ്ലോക്കിലെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *