മോഹൻലാലിൻ്റെ കുടുംബ ചിത്രവുമായി കുര്യൻ മാവേലിക്കര
സ്ക്കൂൾ കാലം തൊട്ട് ലാലേട്ടനെ വരയ്ക്കുന്ന ചിത്രകാരൻ കുര്യൻ മാവേലിക്കര മോഹൻലാലിൻ്റെ കുടുംബ ചിത്രത്തിന് വർണ്ണം പകർന്നിരിക്കുന്നു. അച്ഛനും അമ്മയും മോഹൻലാലും ഉളള ജീവൻ തുടിക്കുന്ന വലിയ ചിത്രമാണ് കുര്യൻ ഒരു മാസത്തെ പരിശ്രമത്തിലൂടെ വരച്ചിരിക്കുന്നത്. ഓയിൽ കളറിൽ വരച്ചിരിക്കുന്ന ചിത്രത്തിന് ഏഴടി ഉയരവും നാലടി വീതിയുമുണ്ട്.
40 വർഷം മുമ്പാണ് ലാലേട്ടനോട് ആരാധന തോന്നി തുടങ്ങിയതെന്ന് കുര്യൻ പറയുന്നു. പഠിക്കുന്ന കാലത്ത് മോഹൻലാലിൻ്റെ പല ഫോട്ടോകളും നോക്കി വരയ്ക്കുമായിരുന്നു. പഠനത്തിൽ അത്ര മുന്നിലായിരുന്നില്ല. ചിത്രം വരയായിരുന്നു എന്നും. മോഹൻലാലിനെ ഇങ്ങനെ വരയ്ക്കുന്നത് കണ്ടാണ് അച്ഛൻ പത്താം ക്ലാസ് കഴിഞ്ഞ് എന്നെ ചിത്രകല പഠിക്കാൻ ചേർത്തത്. ഞാൻ കലാകാരനാകാനുള്ള കാരണം
ലാലേട്ടനാണ്. ചെറുപ്പത്തിൽ പട്ടാളക്കാരൻ ആകണമെന്ന ആഗ്രഹമായിരുന്നു. അതിനു വേണ്ടി എൻ.സി.സി യിൽ ചേർന്നു. ക്യാമ്പുകളിൽ പങ്കെടുത്തു. ഫയറിങ്ങിൽ ആൾ കേരള ടോപ്പ് ആയി. എനിക്ക് കിട്ടിയ സർട്ടിഫിക്കറ്റുകൾ ഇപ്പോൾ സ്വപ്നങ്ങൾ മാത്രം. പക്ഷെ ചിത്രകാരനായതിൽ ഇപ്പോൾ അഭിമാനമുണ്ട് – കുര്യൻ പറയുന്നു.
മാവേലിക്കര മുള്ളിക്കുളങ്ങരയിലെ ‘കൃപാ ഭവൻ’ എന്ന വീട് ചിത്രശാലയാക്കി കുര്യൻ വരക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. പരേതനായ കെ.സി. ഈശോയുടെയും ഏലിയാമ്മ ഈശോയുടെയും മകനാണ്. മോഹൻലാലിന് കൊടുക്കാനായി 20l8 ൽ ആണ് ചിത്രം പൂർത്തിയാക്കിയത്. ഇരുപതിനായിരം രൂപ മുടക്കിയാണ് ചിത്രത്തിന് ഫ്രെയിമിട്ടത്.
ലാലേട്ടൻ ഈ ചിത്രം വീട്ടിനടുത്ത് താമസിക്കുന്ന മജീഷ്യൻ സാം രാജ് വഴി കണ്ടിരുന്നു. സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. പക്ഷെ പല പ്രതിസന്ധികളും കോവിഡും കാരണം ചിത്രം അദ്ദേഹത്തിൻ്റെ
വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. കെട്ടി പൊതിഞ്ഞ് ഭദ്രമായി എൻ്റെ വീട്ടിൽ വെച്ചിരിക്കുകയാണ്. എങ്ങിനെയെങ്കിലും ചിത്രം ലാലേട്ടന് നൽകണം അതിനായി സുഹൃത്തുക്കൾ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കുര്യൻ ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എല്ലാ മീഡിയത്തിലും വരയ്ക്കുമെങ്കിലും ഓയിൽ പെയിൻ്റിങ്ങിനോടാണ് കുര്യന് ഇഷ്ടം. ആളുകളുടെ കുടുംബ ഫോട്ടോ വരയ്ക്കുന്നതിൽ കുര്യൻ്റെ കഴിവ് വേറെ തന്നെയാണ്. ഇങ്ങനെ വരക്കാൻ ഒട്ടേറെ ഓർഡർ കിട്ടുന്നുണ്ട്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നൊക്കെ ഓർഡർ വരും. പഴയ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രത്തിൽ നിന്ന് കളർ പോർട്രെയിറ്റ് ഉണ്ടാക്കാൻ കുര്യന് പ്രത്യേക കഴിവുണ്ട്. മൂന്നോ നാലോ പേരുള്ള കുടുംബ ഫോട്ടോ വർണ്ണത്തിൽ ഒപ്പിയെടുത്താൽ അത്
ഒറിജിനൽ ചിത്രത്തെ വെല്ലുന്ന തരത്തിലായിരിക്കും.
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ അഞ്ചടി ഉയരമുള്ള ഓയിൽ ചിത്രം അദ്ദേഹത്തിനു സമ്മാനിച്ചപ്പോൾ ഉണ്ടായ അനുഭവം മറക്കാൻ കഴിയില്ലെന്ന് കുര്യൻ പറയുന്നു. ചിത്രം കൊടുത്തപ്പോൾ അദ്ദേഹം ചിത്രരചനയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ചിത്രം വിശദമായി ആസ്വദിച്ച് എന്നെ അനുഗ്രഹിച്ചു – കുര്യൻ പറഞ്ഞു.