ഗുരുവായൂർ നാരായണീയ ദിനാഘോഷം ഡിസംബർ 14 ന്
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷം ഡിസംബർ 14 ന് നടക്കും. ഇതോടനുബന്ധിച്ച് സമ്പൂർണ്ണ നാരായണീയ പാരായണം,
സാംസ്കാരിക സമ്മേളനം എന്നിവ ഉണ്ടാകും. ബുധനാഴ്ച രാവിലെ അഞ്ചു മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ നാരായണീയ പാരായണം നടക്കും. ഡോ.വി.അച്യുതൻ കുട്ടിയാണ് ആചാര്യൻ.
വൈകുന്നേരം ആറു മണിക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സാംസ്കാരിക സമ്മേളനം കാലിക്കറ്റ് സർവ്വകലാശാല റിട്ട. പ്രൊഫസറും അഡയാർ ലൈബ്രറി മുൻ ഡയറക്ടറുമായ ഡോ.കെ.എൻ. നീലകണ്ഠൻ ഇളയത് ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. നാരായണീയ ദശക പാഠം അക്ഷരശ്ലോക മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. നാരായണീയ ദിനത്തോനുബന്ധിച്ച് ഡിസംബർ ഏഴു മുതൽ നടന്നുവരുന്ന നാരായണീയ സപ്താഹം സമാപിച്ചു.
സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അനുഗ്രഹ പ്രഭാഷണം നടത്തി. ആചാര്യൻമാർക്കും പരികർമ്മികൾക്കും അദ്ദേഹം ദേവസ്വത്തിൻ്റെ ദക്ഷിണയും നൽകി. ആചാര്യന്മാരായ തോട്ടം ശ്യാം നമ്പൂതിരി, ഡോ.വി.അച്യുതൻകുട്ടി, പരികർമ്മികൾ എന്നിവർ ദക്ഷിണ ഏറ്റുവാങ്ങി. ദേവസ്വം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ. വിമൽ.ജി.നാഥ് എന്നിവരും ദേവസ്വം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് ശ്രീമന്നാരായണീയം രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചത് കൊല്ലവർഷം 762 വൃശ്ചികം 28നാണെന്നാണ് കണക്കാക്കുന്നത്. അതിനെ അടിസ്ഥാനമാക്കിയാണ് വൃശ്ചികം 28 ഗുരുവായൂർ ദേവസ്വം നാരായണീയ ദിനമായി ആചരിക്കുന്നത്.