ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി പദ്ധതി നടപ്പാക്കും

കൊല്ലത്തെ ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി സമഗ്ര പദ്ധതി കൊണ്ടുവരാൻ നടപടി തുടങ്ങി. തടാക സംരക്ഷണത്തിനായി പ്രായോഗിക നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർ അഫ്സാന പർവീൺ സ്ഥലം സന്ദർശിച്ചു. റാംസർ സൈറ്റിൽ ഉൾപ്പെട്ട വൃഷ്ടിപ്രദേശം എന്ന പരിഗണന കൂടി നൽകിയാണ് പദ്ധതി തയ്യാറാക്കുക.

അടിയന്തരയോഗം ചേര്‍ന്ന് ഹ്രസ്വ-ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ഇതിനായി തടാകത്തിന്റെ സ്ഥിതിവിവര പരിശോധന നടത്തി. സംരക്ഷണത്തിന്റെ 

പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള പദ്ധതികളുടെ സാധ്യതകള്‍ പരിശോധിക്കാനാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സാന്നിദ്ധ്യത്തില്‍ തടാകം സംരക്ഷണത്തിനുള്ള പുതുമാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യും.

ശാസ്താംകോട്ട ക്ഷേത്രക്കടവ്, കോളേജ്‌റോഡ്, പുന്നമൂട് കായല്‍ ബണ്ട്, ആദിക്കാട് തുടങ്ങിയ സ്ഥലങ്ങളും കളക്ടർ സന്ദര്‍ശിച്ചു. ജലവിതരണ പദ്ധതിക്കായി ഇറക്കിയ പൈപ്പുകളിലെ മാലിന്യം തടാകത്തില്‍ കലരുന്നുണ്ടോയെന്നു പരിശോധിക്കാന്‍ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

പൈപ്പുകൾ എത്രയും വേഗം ഇവിടെനിന്ന് നീക്കം ചെയ്യണമെന്ന് കേരള വാട്ടർ അതോറിറ്റിക്ക് നിർദ്ദേശവും നൽകിയതായി കളക്ടർ അറിയിച്ചു. കായല്‍ സംരക്ഷണത്തിനായി വേലികെട്ടല്‍, ടൂറിസം വികസനം, റവന്യു ഭൂമിസംരക്ഷണം, മാലിന്യപ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും പരിശോധന നടത്തി. കുടിവെള്ള സ്രോതസ്സ് എന്ന പരിഗണനയോടെ ശാസ്ത്രീയമായ രീതിയിൽ സംരക്ഷണം ഉറപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *