രാഗമഴയായി ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ നാദം

രാഗമഴയായി പെയ്തിറങ്ങിയ ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ നാദം സംഗീതപ്രേമികളെ ആനന്ദ നിർവൃതിയിലാഴ്ത്തി. കോഴിക്കോട് ഐ.ഐ.എമ്മിലെ ഹാളിൽ തിങ്ങിനിറഞ്ഞ ആസ്വാദകർക്കു മുന്നിലാണ് ചൗരസ്യ സംഗീതം പൊഴിച്ചത്. ഐ.ഐ.എമ്മിനെ മൂന്നുനാൾ സംഗീത സാന്ദ്രമാക്കിയ ‘ശ്രുതി അമൃത്’ കലാപരിപാടിക്ക് സമാപനം കുറിച്ചാണ് കച്ചേരി അരങ്ങേറിയത്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക് മാക്കെയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഞാൻ മുമ്പൊരിക്കൽ കോഴിക്കോട് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. വീണ്ടും വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാവരും കുറച്ചെങ്കിലും സംഗീതം പഠിക്കണം. പുല്ലാങ്കുഴൽ ഏതു പ്രായക്കാർക്കും പഠിക്കാമെന്ന് സദസ്സിൻ്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നിങ്ങൾ ആവശ്യപ്പെട്ടാൽ ഈ രാത്രി മുഴുവൻ ഞാൻ പുല്ലാങ്കുഴൽ വായിക്കാമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സദസ്സിൽ കരഘോഷം മുഴങ്ങി. ഉത്തരേന്ത്യയിൽ യമൻ എന്നും ദക്ഷിണേന്ത്യയിൽ കല്യാണി എന്നും അറിയപ്പെടുന്ന രാഗത്തിലാണ് കച്ചേരി തടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ജോഗ് രാഗം വായിച്ചു. പ്രശസ്ത തബല വിദ്വാന്‍ രാം കുമാര്‍ മിശ്രയുടെ തബലവാദനം പുല്ലാങ്കുഴൽ സംഗീതത്തിന് മിഴിവേകി. ദേവപ്രിയ രണദീപ്, വൈഷ്ണവി ജോഷി എന്നിവർ ഒപ്പം വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *