കൊച്ചി വിമാനത്താവളത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം
കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) അന്താരാഷ്ട്ര വ്യോമയാന ദിനത്തിൻ്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. സിയാൽ സെക്യൂരിറ്റി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. സിയാൽ ജീവനക്കാരും അനുബന്ധ ഏജൻസി ജീവനക്കാരുമടക്കം മുന്നൂറോളം പേർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. ‘സ്വപ്നങ്ങളെ പിന്തുടരൂ, ലഹരിയെയല്ല’ എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 6.30ന് ടെർമിനൽ – 3 ൽ നിന്നാരംഭിച്ച നാല് കിലോമീറ്റര്‍ കൂട്ടയോട്ടം എയർപോർട്ട് ഡയറക്ടർ സി. ദിനേശ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു.
പരിപാടിയുടെ ഭാഗമായി നടന്ന ‘കിക്ക് എഗൈൻസ്റ്റ് ഡ്രഗ്സ്’ എന്ന ക്യാമ്പയിനിൽ മുൻ വോളീബോൾ താരം വി.എ. മൊയ്‌ദീൻ നൈന സിനിമാ താരങ്ങളായ ബാല, വീണ നായർ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ. എം.ഷബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ആർ.എഫ്.എഫ് ഡി.ജി.എം സോജൻ കോശി, സെക്യൂരിറ്റി വിഭാഗം സീനിയർ മാനേജർ വി. ജി. രവീന്ദ്രനാഥ്, ഡ്യൂട്ടിഫ്രീ ആൻ്റ് റീടേൽ സർവ്വീസസ് ജനറൽ മാനേജർ ജേക്കബ് ടി. എബ്രഹാം, ചീഫ് സെക്യൂരിറ്റി ഓഫീസർ ശിവദാസൻ ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു.