ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്: മത്സരങ്ങള്‍ കോഴിക്കോട്ട്
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തീയ്യതികളില്‍ കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കും. ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനം എട്ടിന് രാവിലെ 10 മണിക്ക് കോഴിക്കോട് സർവ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ.എം.കെ ജയരാജ് നിര്‍വ്വഹിക്കും. ചടങ്ങില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപാദ്ധ്യാക്ഷനും സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ:കെ.പി.സുധീര്‍ അധ്യക്ഷത വഹിക്കും.
ജില്ലാതല മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 108 പ്രൊജക്ടുകളാണ് സംസ്ഥാന തലത്തിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനതലത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 16 പ്രൊജക്ടുകള്‍ 2023 ജനുവരി 27 മുതല്‍ 31 വരെ അഹമ്മദാബാദില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും.10 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതിനും നിത്യജീവിതത്തില്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിനും വേണ്ടിയാണ് ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന് ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്ടുകള്‍ക്കുളള സമ്മാനദാനവും അദ്ദേഹം നിർവ്വഹിക്കും.