തൊഴിലുറപ്പ് തൊഴിലാളികള്‍ ടൈല്‍ പാകിയ റോഡ് നിര്‍മ്മിച്ചു
തൊഴിലുറപ്പ് പദ്ധതിയില്‍ കാടുവെട്ടലും തോട് വൃത്തിയാക്കലും മാത്രമല്ല ടൈൽ പാകിയ റോഡ് ഉണ്ടാക്കാനും തൊഴിലാളികൾ മുന്നിൽ. ആലപ്പുഴ പെരുമ്പളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് റോഡുണ്ടാക്കിയത്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കടേപ്പറമ്പ് ലക്ഷം വീട് കോളനി റോഡാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൈല്‍ പാകി നിര്‍മ്മിക്കുന്നത്. റോഡിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വര്‍ഷത്തെ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണവും ടൈല്‍ വിരിക്കലും നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ 14,62,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് നിര്‍മ്മാണം. ഈ രംഗത്ത് പ്രാവീണ്യം നേടിയ മൂന്ന് പേര്‍ ഉള്‍പ്പെടെ പത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് പാത നിര്‍മ്മിക്കുന്നതും ടൈല്‍ പാകുന്നതും. നിലവില്‍ 200 മീറ്റര്‍ നീളത്തിലാണ് പാതയുടെ ടൈല്‍ പാകല്‍ നടക്കുന്നത്.
പദ്ധതിയുടെ തുടര്‍ച്ചയായി പ്രദേശത്ത് ശോചനീയാവസ്ഥയിലുള്ള മറ്റു റോഡുകളും പുനര്‍നിര്‍മ്മിക്കും. ഇതുവരെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇരുപതില്‍പരം റോഡുകള്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. പാത യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ യാത്ര ദുരിതത്തിന് അറുതിയാകുമെന്നും റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ പറഞ്ഞു.