ചേന്ദമംഗലത്ത് കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി ഓടിത്തുടങ്ങി

കെ.എസ്.ആർ.ടി.സി.യും എറണാകുളം ചേന്ദമംഗലം ഗ്രാമപഞ്ചായത്തും ചേർന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. പൊതു ഗതാഗത സൗകര്യങ്ങൾ ജനങ്ങളുടെ  അവകാശമാണ്. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് സർവ്വീസുകൾ തുടങ്ങാൻ പല പരിമിതികളുമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ഗ്രാമവണ്ടി പദ്ധതി ആവിഷ്കരിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഡ്രൈവർ, കണ്ടക്ടർ, മെയിൻ്റനൻസ് ചെലവുകൾ തുടങ്ങിയവയുടെ ഉത്തരവാദിത്തം കെ.എസ്.ആർ.ടി.സി വഹിക്കുമ്പോൾ ഡീസൽ അടിക്കേണ്ട ചുമതല മാത്രമാണ് പഞ്ചായത്തുകൾ ഏറ്റെടുക്കുന്നത്. ബസ്സ് ഓടേണ്ട റൂട്ടുകളും സമയക്രമവും പഞ്ചായത്തുകൾ തീരുമാനിക്കും. പരസ്യങ്ങളിൽ നിന്നുള്ള വരുമാനവും പഞ്ചായത്തുകൾക്ക് എടുക്കാം. കെ.എസ്.ആർ.ടി.സി ഏറ്റവും പ്രാധാന്യം നൽകുന്ന ഈ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ അവാർഡും കരസ്ഥമാക്കിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എട്ടാമത്തെ ഗ്രാമവണ്ടിയാണ് ചേന്ദമംഗലത്തേത്.

ചേന്ദമംഗലം മാറ്റപ്പാടം മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഗ്രാമങ്ങളിലെ യാത്രാക്ലേശം ഒഴിവാക്കാൻ സഹായിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ റിപ്പോർട്ട് അവതരിപ്പിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ബെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *