പ്രകൃതിയെ കണ്ടറിഞ്ഞ് അവർ വർണ്ണങ്ങൾ ചാലിച്ചു

കണ്ടറിഞ്ഞ പ്രകൃതിയെ അവർ വർണ്ണങ്ങളിൽ ചാലിച്ചു. കാടും പൂക്കളും വീടും തൊടിയും കുട്ടികളുടെ ഭാവനയിൽ പുനർജനിച്ചു. ആനയും മയിലും മാനും പക്ഷികളും വർണ്ണ ഭംഗി പരത്തുന്ന ചിത്രങ്ങൾ വരയ്ക്കാൻ കുട്ടികൾ മത്സരിച്ചു. സംസ്ഥാന ഭൂവിനിയോഗ ബോർഡ്‌ കോഴിക്കോട് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഏഴ് ജില്ലകളിലെ കുട്ടികൾ പങ്കെടുത്തു.

ഭൂവിനിയോഗ ബോർഡ് ഭൂവിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി നടത്തിയ ഉത്തരമേഖല ചിത്രരചനാ മത്സരത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്കൂൾ വിദ്യാർത്ഥികളാണ്

പങ്കെടുത്തത്. മത്സരത്തിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. നിങ്ങളുടെ പൂന്തോട്ടം (എൽ.പി. വിഭാഗം), ജൈവ   വൈവിദ്ധ്യം (യു.പി), പ്രകൃതി സൗഹൃദ നഗരം (എച്ച്.എസ്.) എന്നിവയായിരുന്നു വിഷയം.

പങ്കെടുത്ത വിദ്യാർത്ഥികൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകി. മത്സരഫലം സംസ്ഥാന ഭൂവിനിയോഗ ബോർഡിൻ്റെ www.kslub.kerala.gov.in വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഭൂവിനിയോഗ ബോർഡ് ഡെപ്യൂട്ടി ഡയരക്ടർ ടീന ഭാസ്ക്കരൻ, ജെമി ജോസഫ്, ഡോ.പി.അരുൺജിത്ത്, സിമി.എസ്. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *