ഇടുക്കി സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറങ്ങി

ഇടുക്കി പീരുമേട് താലൂക്കിലെ മഞ്ചുമലയിൽ നിര്‍മ്മാണം ആരംഭിച്ച സത്രം എയർസ്ട്രിപ്പിലെ റൺവേയിൽ വിമാനമിറങ്ങി. എന്‍.സി.സി.യുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു.- 80 വിമാനമാണ് സത്രം എയര്‍സ്ട്രിപ്പില്‍ പറന്നിറങ്ങിയത്. രണ്ട് തവണ വട്ടമിട്ട് പറന്ന ശേഷം മൂന്നാം തവണയാണ് വിമാനം എയര്‍സ്ട്രിപ്പ് റണ്‍വേ തൊട്ടത്.

വണ്‍ കേരള എയര്‍ സ്‌ക്വാഡ്രന്‍ തിരുവനന്തപുരം കമാന്റിംഗ് ഓഫിസര്‍ എ. ജി. ശ്രീനിവാസനായിരുന്നു ട്രയല്‍ ലാന്‍ഡിങിന്റെ മെയിന്‍ പൈലറ്റ്. ത്രീ കേരള എയര്‍ സ്‌ക്വാഡ്രന്‍ കൊച്ചി ഗ്രൂപ്പ് ക്യാപ്റ്റന്‍ ഉദയ രവിയായിരുന്നു കോ പൈലറ്റ്. ഇരുവരെയും വാഴൂര്‍ സോമന്‍ എം.എല്‍.എ ഹാരമണിയിച്ച് അനുമോദിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നിർമ്മിക്കുന്നത്.

എന്‍.സി.സി. കേഡറ്റുകളുടെ പരിശീലനത്തിനായി മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന ഈ എയര്‍സ്ട്രിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 650 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മ്മാണം, നാല് ചെറു വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഹാംഗറിന്റെ നിര്‍മ്മാണം, താമസ സൗകര്യം ഉള്‍പ്പെടെ 50 വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന സൗകര്യം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

എന്‍.സി.സി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നല്‍കലാണ് എയര്‍സ്ട്രിപ്പിലൂടെ ലക്ഷ്യമിടുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയ്ക്ക് എയര്‍സ്ട്രിപ്പ് സഹായകരമാകും. എയര്‍ഫോഴ്‌സ് വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും ഇവിടെ ഇറക്കാനാകും. മുമ്പ് എയര്‍സ്ട്രിപ്പില്‍ ചെറുവിമാനം ഇറക്കാന്‍ രണ്ട് തവണ ശ്രമിച്ചിരുന്നു. എന്നാല്‍ സമീപത്തുള്ള മണ്‍ത്തിട്ട കാരണം പക്ഷേ ലാന്‍ഡിങിന് കഴിഞ്ഞിരുന്നില്ല. തടസ്സം നീക്കം ചെയ്താണ് മൂന്നാം തവണ വിജയകരമായി വിമാനം ഇറക്കിയത്. മറ്റു പ്രവൃത്തികള്‍ കൂടി പൂര്‍ത്തീകരിച്ച് എന്‍. സി.സി.എയര്‍സ്ട്രിപ്പ് എന്ന സ്വപ്നം പൂര്‍ണ്ണതയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ട്രയല്‍ ലാന്റിങ്ങിന് ശേഷം അടിയന്തരമായി റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വാഴൂര്‍ സോമന്‍ എം.എല്‍.എ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. നൗഷാദ്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. ഉഷ, എന്‍.സി.സി കോട്ടയം വിങ് ഗ്രൂപ്പ് കമാന്റര്‍ ബ്രിഗേഡിയര്‍ ബിജു എസ്, 33 കേരള ബറ്റാലിയന്‍ എന്‍.സി.സി നെടുങ്കണ്ടം കമാന്റിങ് ഓഫീസര്‍ കേണല്‍ ശങ്കര്‍ എം, ലെഫ്റ്റനന്റ് കേണല്‍ തോമസുകുട്ടി എന്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ റ്റിറ്റു എസ്. ജെ, വഴുതക്കാട് എന്‍.സി.സി ഡയറക്ടറേറ്റ് പി.ആര്‍.ഒ. അജി സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *