കേരള മാതൃകയിൽ തെലങ്കാനയിൽ ഫർണിച്ചർ ക്ലസ്റ്ററുകൾ തുടങ്ങും
കേരള മാതൃകയിൽ തെലങ്കാനയിൽ ഫർണിച്ചർ ക്ലസ്റ്ററുകൾ തുടങ്ങുമെന്ന് തെലങ്കാന സംസ്ഥാന വാണിജ്യ വ്യവസായ പഠനസംഘം. ചെറുകിട ഫർണിച്ചർ ഉൽപ്പാദകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് അമ്മാനപ്പാറയിലെ മലബാർ ഫർണിച്ചർ കൺസോർഷ്യം സന്ദർശിച്ച ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്. തെലങ്കാന വ്യവസായ വകുപ്പ് അസി. ഡയറക്ടർ ബി.തുളസിദാസ്, കാമറെഡ്ഡി ജില്ലാ വ്യവസായ കേന്ദ്രം ഇൻഡസ്ട്രീസ് പ്രമോഷൻ ഓഫീസർ എം. മധുസൂദന റെഡ്ഡി, സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊജക്ട് മാനേജർ രാമകൃഷ്ണ അയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ ഫർണിച്ചർ വ്യവസായ സംഘമാണ് സന്ദർശനം നടത്തിയത്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തടികളിൽനിന്ന് ലോകോത്തര നിലവാരത്തിലുള്ള ഡിസൈനുകളിൽ ഫർണിച്ചറുകൾ നിർമ്മിക്കുന്ന സ്ഥാപനമാണ് മലബാർ ഫർണിച്ചർ കൺസോർഷ്യം. മരത്തടികളുമായി വന്നാൽ ഫർണിച്ചർ നിർമ്മിച്ച് കൊണ്ടുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും ഫർണിച്ചർ വ്യവസായികൾക്ക് ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത്തരം ഗവ. സ്‌കീമിലുള്ള ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററുകൾ തെലങ്കാനയിലും സ്ഥാപിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുമെന്നും സംഘം വ്യക്തമാക്കി.
ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നതോടെ ചെറുകിട ഫർണിച്ചർ വ്യവസായികളെ ഒരു കുടക്കീഴിലാക്കാൻ കഴിയുമെന്നും വിലയിരുത്തി. കോമൺ ഫെസിലിറ്റി സെന്ററിന്റെ രൂപീകരണം, അംഗീകാരം, നടത്തിപ്പ് എന്നിവ സംബന്ധിച്ചും സംഘം ചോദിച്ചറിഞ്ഞു. 2012 ലാണ് മലബാർ ഫർണിച്ചർ കൺസോർഷ്യത്തിന് കേന്ദ്ര സർക്കാറിന്റെ കോമൺ ഫെസിലിറ്റി സെന്ററായിഅംഗീകാരം ലഭിച്ചത്. കൺസോർഷ്യത്തിൽ 70 ശതമാനം കേന്ദ്ര സർക്കാരും 20 ശതമാനം സംസ്ഥാന സർക്കാരും 10 ശതമാനം വ്യക്തിഗത അംഗങ്ങളുമാണ് മുതൽ മുടക്കിയിട്ടുള്ളത്.
കൺസോർഷ്യത്തിന്റെ ഫാക്ടറി പരിയാരം അമ്മാനപ്പാറയിൽ നാലര ഏക്കറിലാണ് പൂർത്തിയാക്കിയത്. അന്താരാഷ്ട്രനിലവാരത്തിലുള്ള ഫർണിച്ചർ ഉൽപ്പാദിപ്പിക്കാനും കയറ്റുമതിചെയ്യാനും സാധിക്കുന്നുണ്ട്. ഇതേതുടർന്നായിരുന്നു തെലങ്കാന സംഘത്തിന്റെ സന്ദർശനം.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ. എസ്.ഷിറാസ്, മലബാർ ഫർണിച്ചർ കൺസോർഷ്യം ചെയർമാൻ സി.അബ്ദുൽകരീം, നോർത്ത് മലബാർ ചേംപർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ജോസഫ് ബെനവൻ, ജീവരാജ് നമ്പ്യാർ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.