ഇവർ സ്‌നേഹം പിടിച്ചെടുക്കുന്ന കാന്തങ്ങള്‍

മനോജ് മേനോൻ

ചിലരങ്ങനെയാണ്. ഏത് ആള്‍ക്കൂട്ടക്കാടിനിടയിലും സ്‌നേഹം, അടുപ്പം, ആദരവ് പിടിച്ചെടുക്കും. മനുഷ്യരെ തിരഞ്ഞു പിടിക്കുന്ന കാന്തങ്ങളാണവര്‍. അത്തരം രണ്ട് മനുഷ്യകാന്തങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കളഞ്ഞു പോയത്. ആദ്യം പോയത് വേണു വാരിയത്തായിരുന്നു. തൊട്ടുപിന്നാലെ സതീഷ് ബാബു പയ്യന്നൂര്‍. രണ്ടും അടുത്തടുത്ത ദിവസങ്ങളില്‍. രണ്ടു പേരും ജീവിച്ച് മതിയാകാത്തവര്‍. രണ്ട് പേരും ഇതുവരെ ജീവിച്ച ജീവിതത്തെ സ്‌നേഹിക്കുകയും വരാനിരിക്കുന്ന ജീവിതത്തെ ഇഷ്ടത്തോടെ വരവേല്‍ക്കാന്‍ കാത്തിരുന്നവരുമാണ്.

ഇരുവരുമായും എനിക്ക് മുപ്പത് വര്‍ഷത്തോളം നീണ്ട ഇഷ്ടകാലമുണ്ട്. അതിലൊരിക്കല്‍ പോലും, കടുകുമണിയോളം പോലും പിണക്കത്തിന്റെയോ പരിഭവത്തിന്റെയോ നിമിഷങ്ങളുണ്ടായില്ല. രണ്ടു പേരും ആരോടെങ്കിലും പിണങ്ങിയിട്ടുണ്ടോയെന്നറിയില്ല. ഇണക്കത്തിനാണ് സാധ്യതകളെല്ലാം.

വേണുവെന്ന അടുപ്പം

തൊണ്ണൂറുകള്‍ക്കിടയില്‍ ഒരിക്കല്‍ മാതൃഭൂമിയുടെ കൊച്ചി യൂണിറ്റില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാജേന്ദ്രന്‍ പുതിയേടത്തിന്റെ മുറിയില്‍ വെച്ചാണ് ആദ്യമായി വേണു വാരിയത്തിനെ കാണുന്നത്. പത്രപ്രവര്‍ത്തനത്തില്‍ തുടക്കക്കാരനായ എന്നോട് പെട്ടെന്ന് വേണു പരിചയത്തിന്റെ കൈകള്‍ നീട്ടി. ബാലമാസികകളുടെ വായനക്കാലം എക്കാലത്തും തിരയടിച്ചു നില്‍ക്കുന്ന യുവാവിന്റെ ഉള്ളില്‍, ആ കഥകളുടെയും കഥാപാത്രങ്ങളുടെയും സൃഷ്ടികാരനെ നേരില്‍ കാണുന്നതിന്റെ കൗതുകവും ഇഷ്ടവും ഇരട്ടിയായി തിരയടിച്ചു.

വേണു വാരിയത്തുമായുള്ള ദീര്‍ഘകാലബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പിന്നെ ഇടയ്ക്കിടെ തളിര്‍ത്തും പടര്‍ന്നും വളര്‍ന്നു. കത്തിടപാടുകളുടെ കാലത്ത് കത്തുകളുടെ രൂപത്തില്‍, മൊബൈല്‍ ഫോണ്‍ യുഗത്തില്‍ വിളികളുടെ രൂപത്തില്‍,വാട്‌സാപ്പ് കാലത്ത് കുറിപ്പായും ശബ്ദമായും. വേണു എപ്പോഴും തിരക്കിലായിരുന്നതിനാല്‍ ശബ്ദ സന്ദേശമായിരുന്നു ഏറെയും. ഇപ്പോഴും വാട്‌സാപ്പില്‍ വേണുവിന്റെ ശബ്ദലേഖനങ്ങള്‍ മായാതെ കിടപ്പുണ്ട്.

മരിച്ച ഒരാളുടെ ശബ്ദമാണെന്ന തോന്നലുണ്ടാക്കാതെ അത് സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ ഒരു നമസ്‌കാരം മാത്രം പറഞ്ഞു കൊണ്ട്. ചിലപ്പോള്‍ പലതും ഓര്‍മിപ്പിച്ചും സന്തോഷിച്ചും. മറ്റ് ചിലപ്പോള്‍ എഴുതിയതില്‍ ചിലത് വായിച്ചതിന്റെ ആഹ്ലാദം പങ്കിട്ട്. വേറെ ചിലപ്പോള്‍ ആശ്വസിപ്പിച്ചും പ്രേരിപ്പിച്ചും. 2005 ല്‍ വിവാഹം കഴിഞ്ഞ് ഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ് 2 വിലെ ഒറ്റമുറിവീട്ടില്‍ ജീവിതം സ്വരുക്കൂട്ടാന്‍ തത്രപ്പെടുന്നതിനിടയില്‍ ഒരിക്കല്‍ വേണു വന്നു. ഒരു സന്ധ്യയില്‍. ഏതോ ദീര്‍ഘ യാത്ര കഴിഞ്ഞുള്ള വരവാണ്.

പെട്ടെന്ന് ഒരുവിധം ഒപ്പിച്ചുണ്ടാക്കിയ ചോറുകറികള്‍ ഞങ്ങള്‍ മൂന്നു പേര്‍ ഒരുമിച്ചുണ്ടു. ജീവിതത്തിനെ ജീവിതവ്യമാക്കാനുള്ള ചില സങ്കല്‍പ്പങ്ങള്‍ സ്വന്തം ജീവിതത്തില്‍ നിന്ന് വിടര്‍ത്തിയെടുത്ത് പറഞ്ഞു തന്ന് ഒരു ചേട്ടനായി മാറി വേണു. മറക്കാനാവാത്ത സന്ധ്യ. പിന്നീടും സൗഹൃദത്തിന്റെ നൂലുകള്‍ വേണുവിനും എനിക്കും ഇടയില്‍ ചുറ്റിപ്പിണഞ്ഞു കിടന്നു. സ്ഥാപനങ്ങള്‍ മാറി മറിയുമ്പോഴും മാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോഴും തോളില്‍ അദൃശ്യമായ ഒരു കൈപിടുത്തം വേണു ഉറപ്പിച്ചിരുന്നു. ഉഷാറായി മുന്നോട്ട് നീങ്ങൂ എന്ന് അത് മന്ത്രിച്ചിരുന്നു.

‘ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ് ‘ വായിച്ച് അയച്ച ശബ്ദ സന്ദേശത്തില്‍, പഴയ കഥയെഴുത്ത് തിരിച്ചെടുക്കണമെന്ന് ഓര്‍മിപ്പിച്ചു. കാട്ടിലാണ് ഞാന്‍, അതിനാല്‍ അയച്ചതൊന്നും വായിച്ചിട്ടില്ല, വായിച്ചിട്ട് പറയാമെന്ന് ഒരിക്കല്‍ കുറിച്ചു. മണ്ണും മഴയും പുഴയും കയ്യാട്ടി വിളിക്കുമ്പോള്‍ കാടു കയറുന്ന വേണുവിന്റെ കുറിപ്പ് അതിശയിപ്പിച്ചില്ല. നാട്ടില്‍ വരുമ്പോള്‍ ആലുവപ്പുഴക്കരുകിലുള്ള വീട്ടില്‍ വരണമെന്ന് പറയുമായിരുന്നു. പക്ഷെ പോകാന്‍ കഴിഞ്ഞില്ല.

ബാലസാഹിത്യം, പുതിയ ബാലമാസികകള്‍, വിവിധ ഭാഷകളിലേക്കുള്ള എഴുത്ത് പ്രവേശനങ്ങള്‍, മക്കളുടെ പഠന വിശേഷങ്ങള്‍,ഇടക്ക് ഉത്തരേന്ത്യന്‍ യാത്ര…അങ്ങനെ പലകാലങ്ങള്‍, പലകാര്യങ്ങള്‍ പങ്കു വെച്ചു. ”നല്ല യാത്രകള്‍ വരുമ്പോള്‍ എന്നെയും വിളിച്ചോളു. ഞാനും കൂടാം”-ജൂണ്‍ 2 ന് വാട്‌സാപ്പില്‍ കിട്ടിയ ശബ്ദ സന്ദേശത്തില്‍ വേണു പറയുന്നു. ഉറപ്പായും എന്ന് ഞാന്‍ മറുപടി നല്‍കി. പക്ഷെ, കഴിഞ്ഞ ദിവസം യാത്രക്കിറങ്ങിയപ്പോള്‍ വേണു എന്നോട് പറയാന്‍ മറന്നു.

സതീഷെന്ന വിസ്മയം

തൊണ്ണൂറുകളിലെ യുവവായനക്കാരെ വിസ്മയിപ്പിച്ചുകൊണ്ടിരുന്ന എഴുത്തുകാരുടെ നിരയിലേക്കാണ് സതീഷ്ബാബു പയ്യന്നൂർ എന്ന നീണ്ട പേരുമായി പുതിയ ഒരെഴുത്തുകാരന്‍ കടന്നു വന്നത്. എഴുപതുകളെയും എണ്‍പതുകളെയും ഭ്രമിപ്പിച്ച പദ്മരാജന്‍എഴുത്തിന്റെ തുടര്‍ച്ച പോലെ. കലാകൗമുദിയിലും മാതൃഭൂമി ആഴ്ചപ്പതിപ്പിലും തുടര്‍ച്ചയായി കഥകള്‍. കലാകൗമുദിയില്‍ കഥാകാരന്റെ പേരിനൊപ്പം കൊടുക്കുന്ന ചെറുഫോട്ടോയില്‍, അസൂയപ്പെടുത്തുന്ന സൗന്ദര്യമുള്ള എഴുത്തുകാരന്‍.

കോളേജ് പഠനത്തിനായുള്ള അരൂക്കുറ്റി-എറണാകുളം ബോട്ട് യാത്രയിലെ വായനകളില്‍ സതീഷ് ബാബുവിന്റെ കഥകളുമായി ചങ്ങാത്തമായി. അപ്പോഴേക്ക് നോവലുകളുടെയും നോവലെറ്റുകളുടെയും വരവായി.മണ്ണ് എന്ന നോവല്‍ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍. മഞ്ഞസൂര്യന്റെ നാളുകള്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍. സതീഷ് ബാബു എഴുത്തുകാരനും ഞാൻ വായനക്കാരനുമായിരുന്ന അക്കാലത്തൊന്നും സതീഷ്ബാബുവുമായി നേരില്‍ കണ്ടിരുന്നില്ല.

1994 ല്‍ മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സതീഷ് ബാബുവിനെ നേരില്‍ കാണുന്നത്. ഒരിക്കല്‍, പുളിമൂട്ടില്‍ നിന്ന് വഞ്ചിയൂരേക്കുള്ള ചെറുറോഡ് നടന്ന് മാസ്റ്റേഴ്‌സ് കോളേജിന് മുന്നിലെത്തുമ്പോള്‍ മുണ്ടും ഭംഗിയുള്ള ഷര്‍ട്ടും ധരിച്ച് സിനിമാ താരങ്ങളെ തോല്‍പിക്കുന്ന രൂപമായി സതീഷ് മുന്നില്‍.ഇഷ്ടപ്പെട്ട എഴുത്തുകാരനെ മുന്നില്‍ കണ്ടപ്പോള്‍ അടുത്തു പോയി പരിചയപ്പെട്ടു. സംസാരിച്ചു.

മാതൃഭൂമിയിലെ അന്നത്തെ സഹപ്രവര്‍ത്തകനായിരുന്ന ശശിധരന്‍ മങ്കത്തിലിന്റെ അടുത്ത സുഹൃത്തെന്ന് പറഞ്ഞപ്പോള്‍, പരിചയം പതുക്കെ അടുപ്പമായി. സതീഷും ശശിയും ഉറച്ച ചങ്ങാതിമാരായിരുന്നു. പിന്നെ പലവട്ടം നഗരത്തിലെ പലവേദികളില്‍ കണ്ടു. കഥകളായി വായിച്ചു.അടുപ്പം ഇഴയടുപ്പമായി. പനോരമ ടെലിവിഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍, സതീഷിന് ഓട്ടത്തിരക്കായി.എന്നിട്ടും നെട്ടോട്ടത്തിന്റെ ക്ഷീണം സതീഷിന്റെ മുഖത്ത് കാണാനുണ്ടായിരുന്നില്ല. സുന്ദരമായ ചിരി പരന്നു കിടന്നു.

2001 ല്‍ ഡല്‍ഹിയിലെത്തും വരെ ഇടക്കിടെ നേരിട്ടു കണ്ടുള്ള ബന്ധമായിരുന്നു, ഇരുവര്‍ക്കുമിടയില്‍. പിന്നെ ഫോണ്‍ വിളികളിലൂടെ പരസ്പ്പരം കണ്ടു.കേട്ടു. എന്തു കൊണ്ടെന്നറിയില്ല, ഇടയ്ക്ക് സതീഷ് ബാബുവിന്റെ കഥയെഴുത്ത് കുറഞ്ഞു. പതുക്കെ എഴുത്തില്ലാതെയായി. ഫോണ്‍ വിളിക്കുമ്പോഴൊക്കെ കഥയിലേക്ക് തിരിച്ചു വരണമെന്ന്, ഉള്ളിലെ പഴയ വായനക്കാരന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഉടന്‍ എഴുതും എന്ന് മറുപടി കിട്ടും. ഇതിനിടയില്‍ ഡല്‍ഹിയില്‍ വെച്ച് ഒരിക്കല്‍ നേരില്‍ കണ്ടു. ഭാരത് ഭവന്റെ ചുമതലയുമായി ഡല്‍ഹിയിലെത്തിയപ്പോള്‍. കേരള ഹൗസില്‍ നിന്ന് വിളിച്ചു.

ഇന്‍ഫര്‍മേഷന്‍ ആഫീസിലിരുന്ന് ഏറെ നേരം സംസാരിച്ചു.പഴയ കാലങ്ങള്‍ ഓര്‍ത്തെടുത്തു. പിന്നെ നേരില്‍ കണ്ടിട്ടില്ല. എങ്കിലും ഇടയ്ക്കിടെ ഫോണ്‍ വിളികള്‍. മകള്‍ വിവാഹിതയായി ഗുജറാത്തില്‍ എത്തി. അവിടെ സന്ദര്‍ശനത്തിനത്തുമ്പോഴെല്ലാം സതീഷ് വിളിക്കുമായിരുന്നു. ഗുജറാത്ത് വിശേഷങ്ങള്‍ പങ്കിടും. എഴുത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹം സതീഷ് ബാബുവില്‍ കലശലായ കാലമായിരുന്നു അത്.

നിര്‍ബന്ധിച്ച് എഴുതിച്ച ഗുജറാത്ത് അനുഭവം ‘ജാം നഗറിലെ പശുക്കള്‍ ‘എന്ന പേരില്‍ നിറയെ ചിത്രങ്ങളുമായി ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ വന്നപ്പോള്‍ സതീഷ് സന്തോഷം പകരം തന്നു. ഇക്കാര്യം കേരളകൗമുദിയില്‍ ‘ചന്നം പിന്നം’ എന്ന കോളത്തില്‍ സതീഷ് എഴുതി. തുടര്‍ന്ന് ഒരു കഥാ സമാഹാരത്തിന് കവറൊരുക്കാന്‍ സുഹൃത്തായ ഡിസൈനര്‍ സിപ്‌സന്‍ ജോസഫിന്റെ സഹായമുറപ്പിക്കാനും കഴിഞ്ഞു. സിപ്‌സന്‍ ഡിസൈന്‍ ചെയ്ത കവറുമായി കഥാ സമാഹാരം പുറത്തിറങ്ങി. അപ്പോഴും ആഹ്ലാദം പങ്കിട്ടു. സതീഷിന്റെ കഥയെഴുത്തുകാലത്തിന് അപ്പോഴേക്ക് പുഷ്പ കാലമായി.എഴുതുന്നതെല്ലാം വാട്‌സാപ്പില്‍ ഇരുവരും പങ്കിട്ടു. അഭിപ്രായങ്ങള്‍ പറഞ്ഞു. ഒടുവില്‍ വന്ന സന്ദേശം എഴുത്ത് മാസികയില്‍ പ്രസിദ്ധീകരിച്ച പുതിയ കഥ ‘കോത്തായി മുക്ക് ‘വായിക്കണമെന്ന് പറഞ്ഞാണ്.’ നാട്ടിലെ ഒരു പാവം കള്ളന്‍ നാടിന്റെ വികസനത്തില്‍പെട്ടു പോയ കഥയാണ്…സമയം കിട്ടുമ്പോള്‍ വായിക്കുമല്ലോ..’ഒക്ടോബര്‍ 9 നായിരുന്നു ഈ സന്ദേശവുമായി വാട്‌സാപ്പ് കിളി ചിലച്ചത്. വായിക്കുമെന്ന് മറുപടി കുറിച്ചു. പക്ഷെ, കഴിഞ്ഞ ദിവസം ഒളിച്ചും പാത്തും കള്ളനെപ്പോലെ എത്തിയ മരണം സതീഷിനെ കട്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *