ചൈമ്പൈ സംഗീതോത്സവ വേദിയെ ധന്യമാക്കി സിദ് ശ്രീറാം
രാഗ- സ്വര വിസ്താരങ്ങൾ ചടുലമാക്കിയ തനത് ശൈലിയിൽ ചെമ്പൈ സംഗീതോത്സവ വേദിയെ ആവേശത്തിലാഴ്ത്തി തെന്നിന്ത്യൻ ഗായകൻ സിദ് ശ്രീറാം. ചെമ്പൈ സംഗീതോത്സവത്തിലെ അഞ്ചാം ദിനത്തിലെ രണ്ടാമത്തെ വിശേഷാൽ കച്ചേരിയാണ് സിദ് ശ്രീറാമിൻ്റെ മിന്നും പ്രകടനത്തിന് വേദിയായത്. ഒപ്പത്തിനൊപ്പം പക്കമേളമൊരുക്കി വയലിനിൽ എച്ച്. എൻ ഭാസ്ക്കറും മൃദംഗത്തിൽ പത്രി സതീഷ് കുമാറും കച്ചേരി മികവുറ്റതാക്കി.
അയ്യപ്പ നവതരിത്ത കഥാമൃതം എന്ന ഖര ഹരപ്രിയ രാഗത്തിലുള്ള കൃതിയോടെയായിരുന്നു സിദ് ശ്രീറാം കച്ചേരി തുടങ്ങിയത്. തുടർന്ന് ശരണം ഭവ കരുണാമയി എന്ന കീർത്തനം ഹംസ വിനോദിനി രാഗത്തിൽ ആലപിച്ചു. എന്ന തപം ശൈ തനെ, പങ്കജലോചന, ഗോവർദ്ധനഗിരി ധാരി, രാധാ സമേത കൃഷ്ണാ എന്നീ കീർത്തനങ്ങൾ പാടി. സാ പര്യത് കൗസല്യാ വിഷ്ണു എന്ന കൃതിയോടെയാണ് കച്ചേരി സമാപിച്ചത്.
സിദ് ശ്രീറാമിനുള്ള ഗുരുവായൂർ ദേവസ്വം ഉപഹാരം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി. പക്കമേളമൊരുക്കിയ എച്ച്.എൻ. ഭാസ്കർ, പത്രി സതീഷ് കുമാർ എന്നിവർക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ഉപഹാരം നൽകി. രമ്യ ഹിരൺ മയിചെങ്ങാങ്ങിയാണ് ആദ്യ കച്ചേരി നടത്തിയത്.