ഗ്രാമവണ്ടിക്കും സിറ്റി സർക്കുലർ സർവ്വീസിനും അവാർഡ്

കേരളത്തിലെ കെ.എസ്.ആർ.ടി.സി. സർവ്വീസുകൾക്ക് കേന്ദ്ര സർക്കാറിൻ്റെ രണ്ട് അവാർഡ്. കേന്ദ്ര സർക്കാരിന്റെ ഭവന-നഗര കാര്യ വകുപ്പിന്റെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരം എന്ന വിഭാഗത്തിൽ തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസിന് നഗരഗതാഗത പുരസ്കാരവും ഏറ്റവും മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിൽ ഗ്രാമവണ്ടി പദ്ധതിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്കാരവും ലഭിച്ചതായി ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു.

ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളിലേയും പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതികളാണ് അവാർഡിന് പരിഗണിച്ചത്. കൊച്ചിയിൽ നടക്കുന്ന അർബൻ മൊബിലിറ്റി ഇന്ത്യയുടെ സമ്മേളനത്തിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ഭവന നഗരകാര്യ മന്ത്രിയായ കൗശൽ കിഷോറിന്റെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമവണ്ടി എന്ന പേരിൽ ആരംഭിച്ച പദ്ധതിക്ക് നൂതന സംരംഭത്തിനും ഏറ്റവും മാതൃകാപരമായതും പൊതു ജനപങ്കാളിത്തമുള്ളതുമായ പദ്ധതി എന്ന നിലയിലുള്ള പുരസ്കാരമാണ് ലഭിച്ചത്.

ഇതിനോടോപ്പം നഗരങ്ങളിലെ സിറ്റി സർവ്വീസിന് അനുബന്ധമായി ഒറ്റപ്പെട്ട മേഖലകളെ ചെലവ് പങ്കുവെക്കുന്ന രീതിയിൽ ഗ്രാമവണ്ടി എന്ന പദ്ധതിയിലൂടെ ബന്ധിപ്പിച്ച പദ്ധതിക്കാണ് മികവിന്റെ പുരസ്ക്കാരം ലഭിച്ചത്. നഗരപ്രാന്ത പ്രദേശങ്ങളിലെയും ​ഗ്രാമങ്ങളിലെയും ലാഭകരമല്ലാത്ത റൂട്ടുകളെ നഗരവുമായും പ്രധാന കൂട്ടുകളുമായും ബന്ധിപ്പിക്കുന്നതാണ് ​ഗ്രാമവണ്ടി സർവ്വീസുകൾ. ഒറ്റപ്പെട്ട എല്ലാ ​ഗ്രാമീണ മേഖലകളെയും ഇത്തരത്തിൽ ബന്ധിപ്പിക്കുന്നതിന് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്യുന്നു.

നഗരത്തിലെ കടുത്ത നഷ്ടം വരുന്ന റൂട്ടുകളിലൂടെ ചെലവ് പങ്കുവെച്ച് നടത്തുന്ന ഈ പദ്ധതിയിലൂടെ കേരളം ഇന്ത്യക്കാകമാനം മാതൃകയായിരിക്കുന്നു. നിലവിൽ ആറ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമവണ്ടി സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സർവ്വീസുകൾ കൊല്ലം, തിരുവന്തപുരം കോർപ്പേറേഷനുകളിൽ അടക്കം വിഭാവനം ചെയ്തു നടപ്പിലാക്കി വരികയാണ്. ആലപ്പുഴ പത്തിയൂരിൽ ​ഗ്രാമവണ്ടിയുടെ സർവ്വീസ് ഉടൻ ആരംഭിക്കും.

തിരുവനന്തപുരം നഗരത്തിലെ സിറ്റി സർവ്വീസുകൾ സമഗ്രമായി പരിഷ്‌കരിക്കുകയും 66 ബസ്സുകൾ ഉപയോഗിച്ച് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണി വരെ സർവ്വീസ് നടത്തുന്നുണ്ട്. പ്രതിദിനം ഏകദേശം 4000 യാത്രക്കാരിൽ നിന്ന് 34000 യാത്രക്കാർ എന്ന നിലയിലേക്ക് ഇത് വളരുകയും ചെയ്തിരിക്കുകയാണ്. ഇതിന് അനുബന്ധമായി 150 ഓളം സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ എന്നീ സർവ്വീസുകളും തിരുവന്തപുരം നഗരത്തിൽ നടത്തി നഗര ഗതാഗത്തിന് പുതിയ മുഖം നൽകിയതിനാണ് ഏറ്റവും നല്ല ഗതാഗത സംവിധാനം എന്ന വിഭാഗത്തിലുള്ള അവാർഡ് ലഭിച്ചത്. പ്രതി മാസം ഒമ്പത് ലക്ഷം യാത്രക്കാരാണ് പുതിയതായി ഈ സംവിധാനത്തെ ആശ്രയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *