പക്ഷിപ്പനി: ചെറുതനയിൽ 6987 താറാവുകളെ കൊന്നു

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച ചെറുതന ആയാപറമ്പ് പാണ്ടി പ്രദേശത്തെ പാടശേഖരങ്ങളില്‍ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു. 6,987 താറാവുകളെയാണ് ശനിയാഴ്ച കൊന്നൊടുക്കിയത്. മൂന്ന് ആര്‍.ആര്‍.റ്റികളാണ് പ്രവര്‍ത്തിച്ചത്.
പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തുന്നത്.

പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. ഇതിനെയാണ് കള്ളിംഗ് എന്നു പറയുന്നത്‌. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി തിങ്കളാഴ്ച സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും.

ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു കള്ളിംഗ് ജോലിക പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിനയ് കുമാർ, ചീഫ് വെറ്റിനറി ഓഫീസർ ഡോ. സന്തോഷ്, എപ്പിഡെമിയോളജിസ്റ്റ് ഡോ. വൈശാഖ് തുടങ്ങിയവരും സ്ഥലത്തെത്തി. കള്ളിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷവും ഈ പ്രദേശത്ത്
ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിൻ്റെയും നിരീക്ഷണം ശക്തമാക്കും.

പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

ചെറുതന ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പുറക്കാട്, അമ്പലപ്പുഴ വടക്ക്, ചമ്പക്കുളം, രാമങ്കരി, തലവടി, മുട്ടാർ, എടത്വ, തകഴി, കരുവാറ്റ, ചെറുതന, വിയപുരം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ചെന്നിത്തല, കുമാരപുരം എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും മുൻകരുതൽ നടപടി തുടങ്ങി.

താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും നവംബർ ഒൻപത് വരെ നിരോധിച്ച് ജില്ല കളക്ടർ ഉത്തരവായി. ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര തഹസീൽദാർമാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *