ഫാക്ടിന് 75 വയസ്സ് ; ആഘോഷ പരിപാടികൾ തുടങ്ങി
കൊച്ചിയിലെ ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂര്‍
ലിമിറ്റഡ് (ഫാക്ട്) 75 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ തുടങ്ങി. ഏലൂർ ഉദ്യോഗമണ്ഡലിലെ എം.കെ.കെ നായർ മെമ്മോറിയൽ ഹാളിൽ ഒരു വർഷത്തെ ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.
ഭരണഘടനയുടെ മൂല്യങ്ങളുടെ ആഘോഷത്തോടൊപ്പം ഫാക്ടിന്റെ ആഘോഷങ്ങളിലും പങ്കു ചേരുന്നതായി പരിപാടി ഉദ്ഘാടനം ചെയ്ത കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു. ഫാക്ട് ഉയർച്ച താഴ്ച്ചകളിലൂടെ കടന്നു പോയെങ്കിലും കഴിഞ്ഞ വർഷങ്ങളിലായി പഴയ പ്രതാപം തിരിച്ചു പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് വിശിഷ്ടാതിഥിയായി.
ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റുംഗ്ത അധ്യക്ഷത വഹിച്ചു. കേരള ലോ സെക്രട്ടറി ഹരി നായർ , ഫാക്ട് ചീഫ് ജനറൽ മാനേജർമാരായ കെ. ജയചന്ദ്രൻ, എ. ആർ മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.
രാമാനുതാപം അരങ്ങേറി
ആഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് രചിച്ച ‘രാമാനുതാപം’ നൃത്ത – നാടക ആവിഷ്ക്കാരം അരങ്ങേറി. ചിത്ര മോഹന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ചൈത്ര ജ്യോതി
നടന വിദ്യാലയമാണ് ഇത് അരങ്ങിലെത്തിച്ചത്. രാമന്റെ മനസ്സിലൂടെ കടന്നുപോകുന്ന സംഘർഷങ്ങളെയാണ് രാമാനുതാപത്തിൽ രംഗ സജ്ജീകരണങ്ങളോടെ അവതരിപ്പിച്ചത്. രണ്ട് വർഷത്തെ ശ്രമഫലമായാണ് ചിത്രാ മോഹൻ ‘രാമാനുതാപം’ എന്ന ഖണ്ഡകാവ്യത്തെ നൃത്ത – നാടക രൂപമായി അവതരിപ്പിച്ചതെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് പറഞ്ഞു.