സിയാൽ ഡോഗ് സ്‌ക്വാഡിലെ സ്പാർക്കിയും ഇവാനും വിരമിച്ചു

കൊച്ചി വിമാനത്താവളത്തിലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സി.ഐ.എസ്.എഫ് ) മേൽനോട്ടത്തിലുള്ള രണ്ട് നായകള്‍
10 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു.10 വയസ്സുള്ള ലാബ്രഡോർ ഇനമായ സ്പാർക്കി, കോക്കർ സ്പാനിയൽ ഇനമായ ഇവാൻ എന്നീ
നായകളാണ് വിരമിച്ചത്. ഡോഗ് സ്‌ക്വാഡിലെ നായകള്‍
വിരമിക്കുമ്പോൾ നൽകാറുള്ള പുള്ളിങ് ഔട്ട്‌ ചടങ്ങും നടന്നു. ചുവന്ന പരവതാനിയിട്ട്‌ നായകളെ അലങ്കരിച്ച ജീപ്പിലിരുത്തി സി.ഐ.എസ്.എഫ്. അംഗങ്ങൾ വാഹനത്തിന് മുകളിൽ പുഷ്പവൃഷ്ടി നടത്തുന്ന പരമ്പരാഗത ചടങ്ങാണ് ഇത്.

വിരമിക്കുന്ന ഇവാനും സ്പാർക്കിക്കും പകരം രണ്ട് പുതിയ നായകള്‍ റൂബിയും ജൂലിയും ( ലാബ്രഡോർ ഇനം ) സേനയിൽ ചേർന്നു. റാഞ്ചിയിലെ ഡോഗ് ട്രെയിനിംഗ് സ്കൂളിൽ (ഡി.ടി.എസ്) നിന്ന് ആറ് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നായകള്‍ സിയാൽ ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പിൽ (എ. എസ്. ജി ) ചേർന്നത്.

സിയാൽ എ.എസ്.ജി. ഡോഗ് സ്ക്വാഡ് 2007 ജൂൺ 14 ന് സൈന്യത്തിൽ നിന്ന് ലഭിച്ച രണ്ട് നായകളെ ഉൾപ്പെടുത്തിയാണ് തുടങ്ങിയത്. നിലവിൽ ഒമ്പത് നായകള്‍ സിയാലിൽ ഷിഫ്റ്റുകളിലായി ഡ്യൂട്ടി ചെയ്യുന്നുണ്ട്‌. സിയാൽ കെന്നൽ കെട്ടിടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ സി.ദിനേശ് കുമാർ സി.ഐ.എസ്.എഫ്. സീനിയർ കമാൻഡന്റ് സുനിത് ശർമ്മ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *